Image: Manorama

Image: Manorama

  • നട്ടെല്ലുള്ള ജഡ്ജിമാരെ സര്‍ക്കാര്‍ ബഹുമാനിക്കും, സർക്കാരിനെ എതിർക്കുന്നവരുടെ രാഷ്ട്രീയ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥാപനമല്ല കോടതിയെന്നും കൗൾ

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ വിമര്‍ശിച്ച് മുന്‍ ജഡ്ജി സഞ്ജയ് കിഷന്‍ കൗള്‍. ജഡ്ജി നിയമനങ്ങളിലടക്കം ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിത വിധേയത്വം കാണിച്ചെന്നാണ് ജസ്റ്റിസ് കൗളിന്റെ ഓര്‍മക്കുറിപ്പുകളിലെ ആക്ഷേപം. ചീഫ് ജസ്റ്റിസിനോട് താന്‍ പലതവണ വിയോജിക്കുകയും ഒരിക്കല്‍ ഇറങ്ങിപ്പോവുകയും ചെയ്തെന്നും കൗള്‍ പറയുന്നു. ‘Without Fear of Favour’ എന്ന പേരിലുള്ള ജസ്റ്റിസ് കൗളിന്റെ പുസ്തകം ഈ മാസം അവസാനം പ്രസിദ്ധീകരിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

Also Read: കൊച്ചിയിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊളീജിയത്തില്‍ താന്‍ അംഗമായിരുന്ന കാലത്ത് സര്‍ക്കാറുമായി ഇടപെടുന്ന കാര്യത്തില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നുവെന്നും കൗള്‍ പറയുന്നു. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അഭിപ്രായം തേടുന്നതും ഔദ്യോഗികമായ ചർച്ചകൾക്ക് മുമ്പുതന്നെ സർക്കാരിന്റെ അനുമതി തേടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read: വിമാന ഇന്ധനനികുതി കുറച്ച് തമിഴ്നാട്; വിജയ്‌ക്ക് കയ്യടിച്ച് കേന്ദ്രം

സുപ്രീംകോടതിയിലേക്കുള്ള നിയമനം അവകാശമായി കാണാനാകില്ലെന്നും സ്വാധീനമുപയോഗിച്ച് നേടിയെടുക്കേണ്ട സ്ഥാനമല്ലെന്നും കൗൾ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയിലെ ആറ് ഒഴിവുകള്‍ നികത്താനുള്ള നടപടിക്കിടെയുണ്ടായ ഒരും സംഭവവും അദ്ദേഹം വിവരിക്കുന്നു. അഞ്ച് പേരുകളില്‍ നേരത്തേ ധാരണയിലെത്തിയിരുന്നു. എന്നാല്‍ കൊളീജിയം യോഗത്തിലേക്കുള്ള യാത്രക്കിടെ ചന്ദ്രചൂഡ് സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ആറാമതൊരു പേര് നിര്‍ദേശിച്ചെന്നും താന്‍ എതിര്‍ത്തെന്നും അദ്ദേഹം പറയുന്നു.

sc-judge-criticism

ന്യൂനപക്ഷ മതവിഭാഗത്തില്‍ നിന്നുള്ള ഒരു ജഡ്ജിയുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടും ചില തര്‍ക്കങ്ങള്‍ വന്നിരുന്നുവെന്ന് കൗള്‍ പുസ്തകത്തില്‍ എഴുതുന്നു. വിവിധ മതന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഇതിനോടകം തന്നെ കോടതികളിലുണ്ടെന്നിരിക്കെ ഇനിയും പ്രാതിനിധ്യം വേണോയെന്ന ചോദ്യം സര്‍ക്കാര്‍ ഉന്നയിച്ചു. പിന്നാലെ ജഡ്ജിയുടെ കുടുംബത്തിന്റെ ജാതിയെക്കുറിച്ചും ചോദ്യം ഉയർന്നത് തന്നെ അസ്വസ്ഥനാക്കിയെന്ന് കൗള്‍ പറയുന്നു.

ജഡ്ജിമാരുെട നിയമന പ്രക്രിയയിൽ സർക്കാരിന്റെ ഇടപെടൽ ഈ രീതിയില്‍ തുടരുകയാണെങ്കിൽ കൊളീജിയം സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ചന്ദ്രചൂഡിനോട് പറഞ്ഞതായും കൗൾ വെളിപ്പെടുത്തുന്നു. തുടർന്ന് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയെന്നും യോഗം പെട്ടെന്ന് അവസാനിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. പിന്നീട് കുറച്ചുകാലം കൊളീജിയം യോഗം നടന്നില്ല. ഒടുവിൽ സർക്കാർ നിലപാടിൽ മാറ്റം വരുത്തിയതോടെ ആ ജഡ്ജിക്ക് നിയമനം ലഭിക്കുകയായിരുന്നു.

നട്ടെല്ലുള്ള ജഡ്ജിമാരെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്നും അതേസമയം സർക്കാരിനെ എതിർക്കുന്നവരുടെ രാഷ്ട്രീയ ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥാപനമല്ല കോടതിയെന്നും കൗൾ ഓർമിപ്പിക്കുന്നു. അതേസമയം പുസ്തകം വായിക്കാതെ വിശദമായ പ്രതികരണം നടത്താനാകില്ലെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു. കൗൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതായി ഓർമയില്ലെന്നും കൊളീജിയം യോഗങ്ങൾക്കുശേഷം പ്രമേയങ്ങൾ പാസാക്കുന്നത് പതിവായിരുന്നുവെന്നും ചന്ദ്രചൂഡ് പ്രതികരിച്ചു. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാരിന് അഭിപ്രായം പറയാനുള്ള സാഹചര്യമുണ്ടെന്നും രാഷ്ട്രപതിയാണ് നിയമന ഉത്തരവിൽ ഒപ്പിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 ഡിസംബറിൽ വിരമിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ 2017 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായത്. ഡൽഹി ഹൈക്കോടതിയിലും പഞ്ചാബ്-ഹരിയാന, മദ്രാസ് ഹൈക്കോടതികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.