valppara-rock

തമിഴ്നാട് വാല്‍പ്പാറയില്‍ ശക്തമായ മഴ. പൊള്ളാച്ചി–വാല്‍പ്പാറ റോഡിലേക്ക് വലിയ പാറ അടര്‍ന്നുവീണ് റോഡിന്റെ ഒരുവശം തകര്‍ന്നു. ഈ റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. രണ്ടാം ഹെയര്‍പിന്നിന് സമീപം റോഡ് തകര്‍ന്നു. 

 

കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തിരുന്നു. വിതുര, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴ പെയ്തത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വിതുരയില്‍ റോഡില്‍  വെള്ളം കയറി. വാമനപുരം നദിയില്‍ ജലനിരപ്പുയര്‍ന്നു. മക്കിയാര്‍ കരകവിഞ്ഞ് ഒഴുകി. പേപ്പാറ, ആനപ്പാറ മേഖലകളിലെ വീടുകളില്‍ വെള്ളംകയറി. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കൊല്ലത്തും കനത്ത മഴ പെയ്തു. ചാത്തന്നൂരിൽ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ സർവീസ് റോഡിൽ വെള്ളം കയറിയതോടെ കാർ പകുതിയോളം വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ദേശീയപാത 66 ൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. കരുനാഗപ്പള്ളി, കുണ്ടറ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. എഴുകോൺ പുതുശ്ശേരികോണം സ്വദേശി ശ്യാം തോമസിന് രാത്രിയുണ്ടായ ഇടിമിന്നലിൽ പൊള്ളലേറ്റു. അടുക്കളയിൽ നിൽക്കുമ്പോഴാണ് യുവാവിന് മിന്നലേറ്റത്. മിന്നലിൽ അടുക്കളയുടെ സ്ലാബ് തകർന്നു. വീട്ടിലെ ഫ്രിഡ്ജും കത്തി നശിച്ചു.

 

Also read: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴ; വിതുരയില്‍ റോഡില്‍ വെള്ളം കയറി


സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാവുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

 

ശനിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മലയോര മേഖലയിലുള്ളവരും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports that heavy rains lashed Valparai and various districts in Kerala, causing traffic disruptions and waterlogging. Authorities have issued orange and yellow alerts across multiple districts as the Northeast monsoon intensifies.