കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. താനൊരു ട്രാവൽ ഏജന്റാണോ എന്നും തന്നോട് ഇതേകുറിച്ച് ചോദിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ എന്നുമാണ് ശശി തരൂർ ചോദിച്ചത്. എല്ലാവർക്കും അവരവരുടേതായ ഉത്തരവാദിത്തങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്ഐആർ ക്രമക്കേടിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശശി തരൂർ.
നവംബർ ഒന്നിന് രാംലീല മൈതാനത്ത് മഹാറാലി നടത്താൻ വേണ്ടി കോൺഗ്രസ് പൊലീസിൽ നിന്ന് അനുമതി വാങ്ങിച്ചിരുന്നുവെന്നും രാജ്യത്തിന്റെ പലഭാഗത്തുനിന്നും ആളുകൾ അന്നേദിവസം അവിടെ എത്തുമെന്നും തരൂർ പറഞ്ഞു. എസ്ഐആറിന്റെ പേരിൽ ക്രമക്കേട് നടത്തിയ ഗ്യാനേഷ് കുമാറിനെതിരെയും ബിജെപി സർക്കാരിനെതിരെയും കോൺഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതായി അവകാശപ്പെടുന്ന വിമാനത്തിനുള്ളിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് ബിജെപി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിയച്ചത്. ‘ക്ഷീണിച്ചുപോയോ?’ എന്ന പരിഹാസത്തോടെയാണ് ബിജെപി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ‘നുണകൾ പ്രചരിപ്പിച്ച് മടുത്തു. കുറച്ചു നേരം ഞാൻ വിയറ്റ്നാം ചുറ്റിക്കാണട്ടെ, ഇത് ആരും അറിയാൻ പോകുന്നില്ലല്ലോ’ എന്ന് കുറിച്ച് ബിജെപി ഇന്ത്യയുടെ എക്സ് ഹാൻഡിലിലും ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ജനകീയ വിഷയങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും, പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിദേശയാത്രകൾ പതിവാക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.