ആർഎസ്എസിനെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസ് കേവലം പുരുഷന്മാരെ മാത്രം ഉൾക്കൊള്ളുന്നതും ഭരണഘടനയ്ക്ക് എതിരെ നിൽക്കുന്നതുമായ സംഘടനയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തായി കാണുന്ന ആശയമാണ് ആർഎസ്എസിന്റേതെന്നും അദ്ദേഹം ആരോപിച്ചു.
‘ശിവ– ശക്തി’യിലാണ് താന്‍ വിശ്വസിക്കുന്നതെന്നും തന്റെ കാഴ്ചപ്പാടുകൾ ഈ ആശയങ്ങളിൽ അധിഷ്ഠിതമാണെന്നും രാഹുല്‍ വ്യക്തമാക്കി. ‘ശിവ– ശക്തി’ എന്നാല്‍ സ്ത്രീകൾക്ക് അർഹമായ ബഹുമാനവും തുല്യതയും നൽകുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ സ്ത്രീവിരുദ്ധമായ ആശയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ രാഷ്ട്രീയ നിലപാടുകളെന്നും രാഹുല്‍ പറഞ്ഞു.
ഓഗസ്റ്റില്‍ പൂണെയിൽ നടന്ന ‘ഛത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ മനുസ്മൃതിയേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീകൾ അവരവരുടേതാണെന്നും അവരുടെ പിതാക്കന്മാരുടെയോ, ഭർത്താക്കന്മാരുടെയോ, പുത്രന്മാരുടെയോ അല്ലെന്നും രാഹുല്‍ പറയുകയുണ്ടായി. സ്ത്രീകൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ പുരുഷന്മാരുടെ അധികാരത്തിൻ കീഴിൽ തുടരണമെന്ന മനുസ്മൃതിയുടെ നിർദ്ദേശം തള്ളിക്കളയണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. മനുസ്മൃതിയിലെ സ്ത്രീകളോടുള്ള ഈ മനോഭാവത്തെ ഗാന്ധിജി എതിര്‍ത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.