• ഏഴു ദിവസത്തെ കസ്റ്റഡിക്കു ശേഷം സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

ഏഴു ദിവസത്തെ കസ്റ്റഡിക്കു ശേഷം പുറത്തിറങ്ങിയ സിജെപി നേതാക്കളായ സൗരവ് ദാസിന്‍റെയും അശുതോഷ് രങ്കയുടെയും ജാമ്യത്തില്‍ കര്‍ശന വ്യവസ്ഥകള്‍. സമാധാന ലംഘനം നടത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് ഇരുവർക്കും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. ജന്തർ മന്തറിൽ സമരം ചെയ്യില്ലെന്നതാണ് മറ്റൊരു ഉറപ്പ്. ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഒക്ടോബർ 13-നാണ് സി.ജെ.പി നേതാക്കള്‍ അറസ്റ്റിലാകുന്നത്. കസ്റ്റഡി നീട്ടിയത് ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതിനു പിന്നാലെയാണ് ഇരുവരെയും വിട്ടയക്കാൻ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. 

Also Read: 'നിങ്ങൾ ജെൻസികളല്ല, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം'; സി.ജെ.പി നേതാക്കളോട് ചോദ്യങ്ങളുമായി കോടതി

നിരവധി വ്യവസ്ഥകള്‍ പ്രകാരമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. സമാധാനം ലംഘിക്കില്ലെന്ന് എഴുതി നൽകി. ജന്തർമന്തർ പ്രതിഷേധ കേന്ദ്രമല്ലാത്ത കാലത്തോളം അവിടെ സമരത്തിന് ആഹ്വാനം ചെയ്യില്ലെന്നും ഇരുവരും കോടതിക്ക് ഉറപ്പുനൽകി. ഇനിയുള്ള സമരങ്ങള്‍ നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുമാത്രമെ നടത്തുകയുള്ളൂവെന്നും ഇരുവരും കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. 50,000 രൂപയുടെ വീതം വ്യക്തിഗത ബോണ്ടുകളും ആൾ ജാമ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. വിചാരണ തീയതികളിൽ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. 

അതേസമയം, ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തു. ഇരുവരുടെയും പ്രസ്താവനകളും പെരുമാറ്റവും കണക്കിലെടുക്കുമ്പോൾ സമാധാനം തകരുമെന്ന ആശങ്കയും ക്രമസമാധാന പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് വാദിച്ചത്. മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിനൽകണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതു തള്ളിയാണ് സ്പെഷ്യൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. 

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് സിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും ജെന്‍സികളല്ലെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. ഇരുവരുടെയും പ്രായം ചോദിച്ചറിഞ്ഞ ശേഷമാണ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ഇവര്‍ ജെന്‍സികളല്ലെന്ന് പറഞ്ഞത്. ആരാണ് നിങ്ങളെന്നും എന്താണ് സംഘടനയുടെ ഉദ്ദേശ്യമെന്നും കോടതി ചോദിച്ചു. വിമർശനത്തിനൊടുവിൽ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിക്കെതിരായ ഹർജി പിൻവലിച്ചു.

ENGLISH SUMMARY:

CJP leaders Saurav Das and Ashutosh Ranga were granted bail by a Special Executive Magistrate after spending seven days in custody following their arrest on October 13 during protests at Jantar Mantar. The bail was approved under strict conditions, requiring each leader to submit personal bonds of Rs 50,000 along with sureties and written assurances not to breach public peace or organize protests at Jantar Mantar. While the police strongly opposed the bail citing potential law and order disruptions and requested a three-day custody extension, the magistrate rejected their plea. The release came shortly after the Delhi High Court sharply criticized the leaders' age and organizational objectives, prompting them to withdraw their petition against judicial custody.