• സൗരവിന്‍റെ ജന്‍മസ്ഥലം പുതുച്ചേരിയാണോ എന്നതും വിലാസവും മാതാപിതാക്കളുടെ വിവരങ്ങളും പരിശോധിക്കുകയാണെന്നും പിതാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട കോളം പൂരിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍

സിജെപി നേതാവ് സൗരവ് ദാസ് പാസ്പോര്‍ട്ട് നേടിയത് കൃത്രിമ വിവരങ്ങള്‍ നല്‍കിയാണെന്നും ജനനസ്ഥലമടക്കമുള്ള വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യത്തില്‍ സൗരവിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും തൃപ്തികരമല്ലെങ്കില്‍ പാസ്പോര്‍ട്ട് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സൗരവ് ദാസിന് പുറമെ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടിസ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുംബൈ പൊലീസിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചതെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. നവംബര്‍ 23ന് പുലര്‍ച്ചെയാണ് നോട്ടിസ് പ്രാബല്യത്തില്‍ വന്നത്. ലണ്ടനിലേക്ക് പോകാനൊരുങ്ങിയ സൗരവ് ദാസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടയുകയായിരുന്നു. ഒക്ടോബര്‍ രണ്ടിന് ദാദറില്‍ നടത്തിയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് സിജെപി സ്ഥാപകന്‍ ദിപ്കെയ്ക്കും കോ–കണ്‍വീനര്‍ അശുതോഷ് റങ്കയ്ക്കുമെതിരെ നോട്ടിസ് ഇറക്കിയത്. 

സൗരവിന്‍റെ ജന്‍മസ്ഥലം പുതുച്ചേരിയാണോ എന്നതും വിലാസവും മാതാപിതാക്കളുടെ വിവരങ്ങളും പരിശോധിക്കുകയാണെന്നും പിതാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട കോളം പൂരിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സൗരവ് ഇതിന് നല്‍കുന്ന വിശദീകരണം തൃപ്തികരമായി പാസ്പോര്‍ട്ട് അധികൃതര്‍ക്ക് തോന്നിയില്ലെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, പാസ്പോര്‍ട്ടിലെ വിവരങ്ങളില്‍ വൈരുധ്യമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി യുകെയിലേക്ക് പോകുന്ന ദിവസം തന്നെ തടഞ്ഞതില്‍ വ്യക്തത വേണമെന്നായിരുന്നു സൗരവ് ദാസിന്‍റെ വാദം. വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്സിയുമെല്ലാം അനായാസം രാജ്യം വിട്ടപ്പോള്‍ തന്നെപ്പോലെയുള്ള ആക്ടിവിസ്റ്റുകള്‍ക്ക് മാത്രം സ‍ഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്‍റെ സാംഗത്യം എന്താണെന്നും സൗരവ് ചോദ്യമുയര്‍ത്തുന്നു. സൗരവിനെതിരെ ലുക്കൗട്ട് നോട്ടിസ് ഉള്ള വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ലുക്കൗട്ട് നോട്ടിസിന്റെ പകര്‍പ്പും അതിനുള്ള കാരണവും രേഖാമൂലം നല്‍കണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ലുക്കൗട്ട് നോട്ടിസിന്‍റെ പകര്‍പ്പ് സൗരവിന് ഉടന്‍ നല്‍കാനാവില്ലെന്നും 23ന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് സൗരവ് മറുപടി നല്‍കാതിരുന്നതാണ് കാരണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആശിഷ് ദിക്ഷിതും പറഞ്ഞു. സൗരവിന്‍റെ ജനന സ്ഥലം തെറ്റായാണ് രേഖപ്പടുത്തിയിരിക്കുന്നതെന്നും ചില വിവരങ്ങള്‍ മറച്ചുവച്ചാണ് പാസ്പോര്‍ട്ട് നേടിയതെന്നും നോട്ടിസില്‍ പറയുന്നു. ജനിച്ച സ്ഥലവും മറ്റ് വിവരങ്ങളും സാധൂകരിക്കുന്ന േരഖകള്‍ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശമാണെന്നും നോട്ടിസിന് കൃത്യസമയത്ത് തന്നെ സൗരവ് മറുപടി നല്‍കുമെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകനായ സിബല്‍ വ്യക്തമാക്കി. കാരണം കാണിക്കല്‍ നോട്ടിസ് ഒരാള്‍ക്കെതിരെ ഉണ്ടെന്നത് യാത്രാവിലക്കിന് പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

The Central Government has told the Delhi High Court that Look Out Circulars (LOCs) against CJP leaders Abhijeet Dipke, Ashutosh Ranka and Sourav Das were issued at the request of Mumbai Police. Sourav Das was stopped at Delhi airport on November 23 while preparing to travel to London, with the government citing alleged discrepancies in his passport details, including his place of birth and parental information. The Centre has warned that his passport could be cancelled if the discrepancies are not satisfactorily explained and supported by valid documents. However, Das has challenged the travel restriction, arguing that freedom of movement is a fundamental right and seeking a copy of the LOC along with the reasons behind its issuance.