കോക്രോച്ച് ജനത പാര്ട്ടിയുടെയും ഇടത് യുവജനസംഘടനകളുടെയും സമരാഹ്വാനത്തിന്റെ പശ്ചാത്തലത്തില് സിജെപി നേതാവ് അഭിജിത് ദീപ്കെയെ തടയാന് പൊലീസ്. ദീപ്കെയുടെ വീടിന് 100 മീറ്റര് അകലെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പോയാല് കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ദീപ്കെയുടെ താമസസ്ഥലത്ത് പൊലീസ് എത്തി. രാജീവ് ചൗക്ക് മെട്രോ ആറാം ഗേറ്റില് വന്സുരക്ഷ ഏര്പ്പെടുത്തി. വൈകീട്ട് 5 മണിക്ക് ഡല്ഹി കോണോട്ട് പ്ലേസിലെ സെന്ട്രല് പാര്ക്കില് തിരംഗമാര്ച്ച് നടത്തുമെന്നാണ് യുവജനസംഘടനകള് പ്രഖ്യാപിച്ചിടുള്ളത്.
സെന്ട്രല് പാര്ക്കിന് ചുറ്റും പൊലീസും സിആര്പിഎഫും നിലയുറപ്പിച്ചു. മുദ്രാവാക്യം വിളിച്ച പ്രവര്ത്തകരെ പൊലീസ് പിരിച്ചുവിട്ടു. മെട്രോ ഗേറ്റുകളില് വന് പൊലീസ് വിന്യാസിച്ചു. നിരവധി പൊലീസ് വാഹനങ്ങള് സ്ഥലത്തെത്തി.
തിരംഗമാര്ച്ചില് നിന്ന് പിന്മാറാന് സംഘടനകളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊണോട്ട് പ്ലേസിന് സമീപം സെന്ട്രല് പാര്ക്ക് പരിസരത്ത് പൊലീസ് ബാരിക്കേഡുകള് നിരത്തിക്കഴിഞ്ഞു. പ്രദേശത്ത് കൂടിനില്ക്കുന്നവരെ പൊലീസ് ഒഴിപ്പിച്ചുതുടങ്ങി. സി.ജെ.പിയുടെ ആഹ്വാനംകേട്ട് ആളുകള് വരരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. കടകള് അടപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
വനിതാ പ്രവർത്തകർക്കെതിരായ പോലീസ് മർദനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ കസ്ററഡിയില് എടുത്ത എന്എസ്യു അധ്യക്ഷന് വിനോദ് ജാഖറിനെ വിട്ടയക്കാതെ ഡൽഹി പൊലീസ്. ഡല്ഹി അതിര്ത്തിയിലെ ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനിലാണ് വിനോദ് ജാഖര്.
കസ്റ്റഡിയിലെടുത്താല് പ്രതിഷേധം ഇല്ലാതാകുമെന്ന് കരുതരുതെന്ന് വിനോദ് ജാഖർ പറഞ്ഞു. മലയാളി സി.ആതിര അടക്കമുള്ളവരുടെ പരാതിയില് എഫ്ഐആര് ആവശ്യപ്പെട്ട് പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കവെയാണ് പുലര്ച്ചെ 4 മണിക്ക് വിനോദ് ജാഖറിനെ ഡല്ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്
അതേസമയം, ജന്തർ മന്തറിൽ ഭരണഘടന ഉയർത്തി രാപ്പകലില്ലാതെ സമരം ചെയ്യുന്ന ജെൻസികൾ പുതിയ തലമുറയുടെ സൗന്ദര്യമാണെന്ന് നടൻ പ്രകാശ് രാജ്. ഗാന്ധിയേയും അംബേദ്കറേയും പിന്തുടർന്ന് സമാധാനപരമായി സമരം ചെയ്യുന്നു. രാജ്യം ഭരിക്കുന്ന മുതിർന്ന തലമുറയ്ക്ക് ജെൻസിയെ കേൾക്കാനോ മനസിലാക്കാനോ സാധിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.