ganjam-nh-accident

TOPICS COVERED

ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ചാമഖണ്ഡി സ്ക്വയറിന് സമീപം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ മൂന്നായി. റോജാലിനി മിശ്ര(42) എന്ന യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ലക്ഷ്മിധർ ഗൗഡ (45), ബിനോദ് കുമാർ (40) എന്നിവര്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. 

അപകടത്തിൽ പരുക്കേറ്റ എട്ടോളം പേർ ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഐ.സി.യുവിൽ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ദേശീയപാത 16–ല്‍ അപകടം നടന്നത്. ദേശീയപാതയില്‍ വച്ച് ഒരു കാർ പെട്ടെന്ന് ലൈൻ മാറിയതാണ് അപകടത്തിന് കാരണമായതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ മറുവശത്തെ റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ ബ്ലോക്കിനെ തുടര്‍ന്ന് ഏതാനും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 

ഇതിനിടെ ഛത്രപൂർ ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് കാറിലിടിക്കുകയും, തുടർന്ന് റോഡരികിൽ നിൽക്കുകയായിരുന്ന ഇരുചക്രവാഹനങ്ങളിലേക്കും കാൽനടയാത്രക്കാരിലേക്കും പാഞ്ഞുകയറുകയുമായിരുന്നു. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്. അപകടത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

അപകടത്തെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ ഹൈവേയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകളോളം ദേശീയപാത-16 ഉപരോധിച്ചു. പിന്നീട് ഗഞ്ചം എസ്.പി ഹരീഷ് ബി.സി, എം.എൽ.എ കൃഷ്ണ ചന്ദ്ര നായക് എന്നിവർ സ്ഥലത്തെത്തി നടത്തിയ ചർച്ചക്ക് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ചാമഖണ്ഡി പൊലീസ് അപകടത്തിൽപ്പെട്ട ട്രക്കും കാറും തകർന്ന അഞ്ച് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

ENGLISH SUMMARY:

The death toll in a tragic road accident on National Highway 16 near Chamakhandi square in Odisha's Ganjam district has risen to three. CCTV footage revealed that the crash occurred when a speeding truck lost control after swerving to avoid a stopped car, plowing into parked two-wheelers and pedestrians. Odisha Chief Minister Mohan Charan Majhi expressed deep condolences and announced an ex-gratia compensation of four lakh rupees for the victims' families. Meanwhile, irate locals blocked the highway demanding an overpass, and police have launched a manhunt for the absconding truck driver.