Image: x.com/JournlstBinod

Image: x.com/JournlstBinod

ഒഡിഷയിലെ കന്ധമാൽ ജില്ലയിൽ ഒരു ശരീരത്തിൽ രണ്ട് തലകളുമായി കുഞ്ഞ് പിറന്നു. ഒക്ടോബർ 10-നാണ് സിസേറിയനിലൂടെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഉടന്‍ ബ്രഹ്മപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലേക്ക് മാറ്റി. വൈദ്യശാസ്ത്രത്തില്‍ 'ഡെസഫാലിക് പാരപഗസ്' (Dicephalic parapagus) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.25 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അൾട്രാസൗണ്ട്, എക്സ്-റേ പരിശോധനകൾ പ്രകാരം കുഞ്ഞിന് രണ്ട് തലകളും രണ്ട് കഴുത്തുകളും രണ്ട് കൈകളും രണ്ട് കാലുകളും പുരുഷ ജനനേന്ദ്രിയവുമാണുള്ളത്. രണ്ട് നട്ടെല്ലുകൾ വെവ്വേറെയുണ്ടെങ്കിലും നെഞ്ചും വയറും ഒന്നിച്ചാണ്. ഹൃദയവും കരളും പരസ്പരം യോജിച്ച നിലയിലാണുള്ളത്. കുഞ്ഞിന്റെ പൂർണ്ണ ആരോഗ്യസ്ഥിതി, ശരീരത്തിന്റെ ആന്തരിക ഘടന എന്നിവയുള്‍പ്പെടെ വിശദമായ വിവരങ്ങൾ ഇതുവരെ ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

മൂന്നോ നാലോ ലക്ഷം ജനനങ്ങളിൽ ഒന്ന് എന്ന നിലയിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ പ്രധാന അവയവങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നതിനാൽ ജീവന്‍ നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാളെന്നും നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. അടുത്ത ദിവസങ്ങൾ നിർണായകമായിരിക്കും. അതേസമയം, കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നതിനും തുടർചികിത്സയ്ക്കുമായി പ്രത്യേക വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ എയിംസ് പോലുള്ള മെച്ചപ്പെട്ട ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലാണ്.

ഒഡിഷയിലെ കാണ്ഡമാലിലെ തുമുദിബന്ധ് നിവാസികളാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍. അച്ഛൻ ദിവസ വേതനക്കാരനായി ജോലി ചെയ്യുന്നു. ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണിത്. മാതാപിതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ENGLISH SUMMARY:

A rare baby with two heads and one body was born via C-section at a hospital in the Kandhamal district of Odisha. Medically known as Dicephalic parapagus, the infant possesses two heads, two necks, two arms, and two legs, but shares a single torso, heart, and liver. The newborn, weighing 2.25 kilograms at 32 weeks of gestation, has been admitted to the Special Newborn Care Unit at MKCG Medical College Hospital in Berhampur. A team of specialist doctors is closely monitoring the baby's critical condition, with plans to transfer the newborn to AIIMS if advanced intervention is required.