പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയെ വധിക്കാന്‍ ശ്രമം നടന്നാതായി പാർട്ടി നേതൃത്വം. കൊൽക്കത്തയിലെ വസതിക്ക് സമീപത്തുവെച്ചാണ് സംഭവം. സെഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരെ ആക്രമണശ്രമമുണ്ടായത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് ആക്രമണ ശ്രമമായിരുന്നില്ലെന്നും ഒരു വാക്കുതർക്കം മാത്രമായിരുന്നുമെന്നുമാണ് പൊലീസ് വിശദീകരണം.
ദുർഗ്ഗാ പൂജ പന്തൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മടങ്ങി വരുന്നതിനിടെ വൈകിട്ടോടെയാണ് സംഭവം. ലഹരിക്കടിമയായ തന്നിഷ്ഠ സാഹ എന്ന യുവതിയാണ് അതിക്രമിച്ചു കടന്ന് കത്തിയുമായി മമതാ ബാനർജിക്ക നേരെ പാഞ്ഞടുത്തത്. യുവതി അസഭ്യം വിളിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എം.പി ഡോള സെൻ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ സംഭവത്തിൽ കത്തിയോ മറ്റ് മൂർച്ചയേറിയ വസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. മമതാ ബാനർജി പുറത്തേക്ക് ഇറങ്ങിയപ്പോൾ 38 കാരിയുമായി ചെറിയൊരു വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും, യുവതിയെ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതായും പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗികമായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടിക്കാരും യുവതിയെ തടഞ്ഞുവെക്കുകയും പിന്നീട് കാലിഘട്ട് പൊലീസിന് കൈമാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന, മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തിക്ക് ബംഗാളിൽ സുരക്ഷയില്ലേയെന്ന ചോദ്യം ഉയര്‍ത്തി തൃണമൂൽ നേതാക്കളായ സാകേത് ഗോഖലെ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെടുന്നു.