കൊല്‍ക്കത്തയില്‍ ടെക്കി സാര്‍ഥക് സര്‍ക്കാറിന്‍റെ കൊലപാതകത്തില്‍ വഴിത്തിരിവ്. പ്രതിയും ലിവ് ഇന്‍ പങ്കാളിയുമായ സഞ്ചാലിക ബാസുവിന് സാര്‍ഥക്കിനെ സംശയമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്‍റെ പേരില്‍ ഇരുവവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് സാര്‍ഥക് കൊല്ലപ്പെടുന്നത്. ഫര്‍ത്താബാദിലെ ഫ്ലാറ്റിലാണ് സഞ്ചാലികയും സാര്‍ഥകും താമസിച്ചിരുന്നത്. ഇവര്‍ക്കൊപ്പമാണ് സഞ്ചാലികയുടെ അമ്മ മൗമിത ബാസുവും.
മറ്റു സ്ത്രീകളെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നതും ഇവരുടെ ചിത്രങ്ങള്‍ക്ക് ലൈക്കടിക്കുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ മാസങ്ങളിൽ ബന്ധം വഷളായി. ശനിയാഴ്ച അര്‍ധരാത്രിക്കുശേഷം സാര്‍ഥകും സഞ്ചാലികയും തമ്മില്‍ വഴക്കുണ്ടായി. പുലര്‍ച്ചെ 1.30 ഓടെ സഞ്ചാലിക മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സാര്‍ഥകിന്റെ മുതുകില്‍ കുത്തുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സാര്‍ഥക് മരിച്ചിരുന്നു. ആക്രമണം നടന്നതിനു പിന്നാലെ സഞ്ചാലിക ഫ്ലാറ്റിന് പുറത്തേക്ക് ഓടുകയും കരഞ്ഞുകൊണ്ട് അയല്‍വാസികളോട് സഹായം അഭ്യര്‍ഥിക്കുകയുമായിരുന്നു. രക്തത്തില്‍ കുളിച്ച് കിടക്കയില്‍ കിടക്കുന്ന നിലയിലായിരുന്നു സാര്‍ഥക് എന്നാണ് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞത്. സഞ്ചാലികയുടെ കഴുത്തില്‍ പാടുകളും കണ്ടു. പിന്നാലെ പൊലീസ് സാഞ്ചലികയെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കുറ്റംസമ്മതിക്കാന്‍ തയ്യാറായിട്ടില്ല.
സഞ്ചാലികയുടെ കുടുംബത്തെ ചോദ്യം ചെയ്തതിൽ നിന്ന് മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവസമയത്ത് ആരെങ്കിലും ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.