മധ്യപ്രദേശിലെ ഭോപ്പാലിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതികളെ പിന്നാലെപോയി കടന്നുപിടിക്കുന്ന പ്രതി പിടിയില്‍. അമ്പതിലധികം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 48 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയത്. 23കാരനായ അഭിഷേക് ഉയികെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഭോപ്പാലിലെ കതാര ഹിൽസിലാണ് സംഭവം. ബൈക്കിലെത്തി യുവതികളുടെ പുറകെ പോയി തൊട്ടശേഷം വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു അഭിഷേക് ഉയികെയുടെ പതിവ്. നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി എട്ട് മണിയോടെ സ്കൂളിന് സമീപം നടക്കുകയായിരുന്ന യുവതിയുടെ അരികിലെത്തിയ പ്രതി അതിക്രമം കാട്ടുകയായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ച് ബൈക്കിൽ കടന്നുകളഞ്ഞു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിക്കുകയും ബൈക്കിന്റെ നമ്പർ മറയ്ക്കുകയും ചെയ്തിരുന്നു.   എന്നാൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവില്‍ പ്രതിയായ അഭിഷേക് ഉയ്‌ക്കെയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.ഒരേ ദിവസം തന്നെ പ്രദേശത്ത് സമാനമായ രീതിയിൽ ഇയാൾ നിരവധി യുവതികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ENGLISH SUMMARY:

Police in Bhopal, Madhya Pradesh, arrested a 23-year-old man named Abhishek Uikey for allegedly stalking and molesting women while riding a motorcycle. The suspect operated in the Katara Hills area, wearing a face mask and concealing his vehicle's license plate to avoid identification. Following a complaint filed on November 4 by a woman who was harassed near a school, officers analyzed over 50 CCTV camera feeds to track down the perpetrator within 48 hours. During interrogation, the accused confessed to his actions, and police revealed that he had targeted multiple women in the area using the same modus operandi on the same day.