മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച കസ്റ്റഡിയിലായ ധ്രുവ് റാഠിയെ വിട്ടയച്ചു. ജര്‍മന്‍ പൗരത്വമുള്ള ധ്രുവ് പ്രതിഷേധിച്ചാല്‍ നടപടിയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതേസമയം  സമരത്തിന് നേതൃത്വം നൽകിയ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡല്‍ഹി പൊലീസ് കരുതൽ തടങ്കലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്തി. 

അതേസമയം ഇവരെക്കുറിച്ച് വിവരം നൽകണമെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് അജിങ്ക്യ ഷിൻഡെ പൊലീസ് കമ്മിഷണർക്ക് കത്ത് നൽകി. ഡൽഹിയിൽ ഇന്നും സി.ജെ.പിയും ഇടത് വിദ്യാർഥി സംഘടനകളും പ്രതിഷേധിക്കും. ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ ഇടത് സംഘടനകളും ഇന്ന് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കും. 

നഗരത്തിൽ ഇന്നും കനത്ത സേനാ വിന്യാസവും ഗതാഗത നിയന്ത്രണങ്ങളും തുടരും. പ്രതിഷേധം നേരിടാൻ മാത്രം ഇന്ന് അറുപതിനായിരത്തിനടുത്ത് സേനാ വിന്യാസമുണ്ട്. ഇന്നലത്തെ പ്രതിഷേധത്തിൽ ഏഴായിരത്തിലേറെപ്പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ സിജെപി നേതാക്കളൊഴികെയുള്ളവരെ വിട്ടയച്ചു.

അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി പത്തുമണിയോടെ തുറന്നിരുന്നു. ഇന്റർനെറ്റ് നിയന്ത്രണവും നീക്കി. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗം തുടർപ്രതിഷേധങ്ങൾ ചർച്ചചെയ്യും. 

ENGLISH SUMMARY:

Dhruv Rathee released from police custody following protests demanding the resignation of Chief Election Commissioner Gyanesh Kumar. Meanwhile, authorities have arrested key CJP leaders in Delhi while heavy security measures and student demonstrations continue across the city.