മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും സ്വീകരണം. വിമാനത്താവളത്തില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെ സ്വീകരിച്ച് ബൈക്ക് റാലിയോടെയാണ് എ.കെ.ജി സെന്‍ററിലെത്തിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശം പോലും അട്ടിമറിച്ച് കേന്ദ്രസര്‍ക്കാര്‍ സമരാനുകൂലികളെ അടിച്ചോടിക്കാന്‍ നോക്കുകയാണെന്ന് പിണറായി പറഞ്ഞു. ജനാധിപത്യവിരുദ്ധ നടപടികളാണ് നടക്കുന്നത്. സുപ്രീംകോടതിയുടെ വാക്കിന് സര്‍ക്കാര്‍ വില നല്‍കുന്നില്ല. തല്ലിയൊതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ വ്യാമോഹമാണത്. ഡല്‍ഹി പൊലീസ് സ്റ്റേറ്റായെന്നും പ്രവര്‍ത്തകരെ റാഞ്ചാന്‍ ശ്രമിക്കുകയാണെന്നും പിണറായി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്‍, കെ.എന്‍ ബാലഗോപാല്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, സി.എസ്.സുജാത എന്നിവരും പിണറായിക്കൊപ്പം ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയിരുന്നു. 

 

ഡല്‍ഹിയില്‍ രാത്രിയിലും പ്രതിഷേധം തുടര്‍ന്നു. വൈകിട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊണാട്ട് പ്ലേസില്‍ സംഘടിച്ച് മാര്‍ച്ച് നടത്തി. ഐഷി ഘോഷിന്‍റെ നേതൃത്വത്തിലുള്ള വനിതാ പ്രവര്‍ത്തകര്‍ ദേശീയ  പതാകയുമേന്തി സെന്‍ട്രല്‍ പാര്‍ക്കിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് നീക്കി

 

ഇന്നും പ്രതിഷേധത്തീ

 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്‍.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ജോണ്‍ ബ്രിട്ടാസ്, ആനി രാജ തുടങ്ങിയവരെയും കസ്റ്റഡിയില്‍ എടുത്തു

 

Also read: സംഘര്‍ഷഭരിതം; ജെയ്ക് സി.തോമസിന്റെ വസ്ത്രം വലിച്ചുകീറി; മര്‍ദനമേറ്റ ബ്രിട്ടാസ് ആശുപത്രിയില്‍

നഗര ഹൃദയത്തിലെ കൊണാട്ട് പ്ലേസ് ആയിരുന്നു ഇന്ന് പ്രതിഷേധത്തിന്‍റെ കേന്ദ്രം. മെട്രോ സ്റ്റേഷന്‍ ഗെയ്റ്റുകള്‍ക്ക് മുന്നില്‍ സംഘടിച്ച ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈഎഫ്, സി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനമായി സെന്‍ട്രല്‍ പാര്‍ക്കിലേക്ക് നീങ്ങി. ആദ്യം കാഴ്ചക്കാരായി നിന്ന പൊലീസ് പെട്ടെന്ന് ഇരച്ചെത്തി. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയതോടെ സംഘര്‍ഷമായി. ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ്, എസ്.എഫ്.ഐ നേതാവ് ആദര്‍ശ് എം സജി എന്നിവരടക്കം പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. നിലത്തുവീണവരെ പോലും വെറുതെവിട്ടില്ല. കസ്റ്റ‍ഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വാഹനത്തിനുള്ളില്‍ വച്ചു പൊലീസ്  മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. ദൃശ്യങ്ങളും പുറത്തുവിട്ടു.

 

ഇതിനിടെ സ്ഥലത്തെത്തി മാധ്യമ പ്രവര്ഡ‍ത്തകരോട് സംസാരിച്ച ജോണ്‍ ബ്രിട്ടാസ് എം.പിയെ പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോയി. നൂറുമീറ്ററോളം വലിച്ചിഴച്ചശേഷമാണ്  ശേഷമാണ് വാഹനത്തില്‍ കയറ്റിയത്. ആനി രാജ ഉള്‍പ്പെടെ സി.പി.ഐ നേതാക്കളെയും കസ്റ്റഡിയില്‍ എടുത്തു

 

ഇന്നലെ ദില്ലി ഹാട്ടില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ ഐസ പ്രവര്‍ത്തകര്‍ ഇന്ന് ആര്‍.കെ.ആശ്രം മാര്‍ഗില്‍ സംഘടിച്ചു. പ്രതിഷേധം ആരംഭിച്ചയുടന്‍ പൊലീസ് ലാത്തിച്ചാര്‍ജ് തുടങ്ങി. വലിച്ചിഴച്ച് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ ഐസ പ്രസിഡന്റ് നേഹ ബോറ ഉള്‍പ്പെടെയുള്ളവര്‍ കൊണാട്ട് പ്ലേസില്‍ എത്തി പൊലീസിനെ വട്ടംകറക്കി. കൊണാട്ട് പ്ലേസില്‍ നിന്ന് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു നീക്കം. ഏറെ പണിപ്പെട്ട് നേഹ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോയി.

 

എന്‍.എസ്.യു.ഐ ഓഫിസിന് മുന്നിലും പ്രതിഷേധം അരങ്ങേറി. അപ്രതീക്ഷിതമായി ഓഫിസില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും ഓഫിസിന് മുന്നില്‍ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. വിലക്ക് മറികടന്ന് പുറത്തെത്തിയവരെ കസ്റ്റഡിയില്‍ എടുത്ത് നീക്കി. അടിയന്തരാവസ്ഥയാണ് ഡല്‍ഹിയില്‍ എന്ന് സി.ജെ.പി. നേതാക്കള്‍ ആരോപിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. പ്രതിഷേധം തുടങ്ങിയിട്ടേയുള്ളു എന്നും അശുതോഷ് റാങ്ക മുന്നറിയിപ്പ് നല്‍കി. 

 

ഇന്നലെ നടന്ന സമരത്തിനെതിരെ 20 എഫ്.ഐ.ആറുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസിനെ ആക്രമിച്ചു എന്നതുള്‍പ്പെടെ കുറ്റം ചുമത്തി

ENGLISH SUMMARY:

Pinarayi Vijayan Delhi protest updates highlight the fierce clash between Left leaders and Delhi police during demonstrations demanding the Chief Election Commissioner's resignation. The unfolding political tension in the capital city continues to draw massive media attention across India.