election-commission

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഫോം 7 നൽകുന്നതിൽ നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ വ്യാപക വിമർശനം നിലനിൽക്കെയാണ് കമ്മിഷന്റെ ഈ വിവാദ നടപടി. ഇനി മുതൽ ഒരു വോട്ടർക്ക് പരമാവധി 10 ഫോം 7 അപേക്ഷകൾ മാത്രമേ നൽകാനാകൂ. ഒരു വോട്ടർക്ക് ഒരു മാസത്തിൽ പരമാവധി അഞ്ച് അപേക്ഷകൾ മാത്രമേ നൽകാനാകൂ. ഓൺലൈൻ അപേക്ഷകൾക്കും പരിധിയുണ്ടാകും.

വ്യാജ പരാതികളും കൂട്ടത്തോടെയുള്ള അപേക്ഷകളും തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. ഇത്തരം അപേക്ഷകൾ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ബിജെപി പ്രവർത്തകർ വൻതോതിൽ ഫോം 7 അപേക്ഷകൾ നൽകി മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്ന ആരോപണം കോൺഗ്രസ് ഉന്നയിച്ചിരുന്നു. കർണാടക, തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കെതിരെ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.

അതേസമയം, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ബൂത്ത് ലെവൽ ഓഫിസർക്ക് മുന്നിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പ്രതിദിനം 50 ഫോമുകളും അതിനുശേഷം പ്രതിദിനം 10 ഫോമുകളും വരെ സമർപ്പിക്കാമെന്ന നിലവിലെ വ്യവസ്ഥ തുടരും.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ അപേക്ഷകളിൽ ഒപ്പും പൂർണ വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. അപേക്ഷകൾ വ്യാജമോ കെട്ടിച്ചമച്ചതോ ആണെന്ന് കണ്ടെത്തിയാൽ അപേക്ഷകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Facing intense backlash and allegations of voter suppression, the Election Commission of India (ECI) has placed strict caps on submitting Form 7—the application used to object to an inclusion or seek the deletion of a name from the electoral roll. Under the new guidelines, an individual voter can submit a maximum of 10 Form 7 applications in total, with a monthly limit of 5 applications, including online submissions. The ECI explained that the decision aims to curb fake complaints, prevent mass deletions, and reduce the burden on field-level officials. This move comes amidst Congress's allegations that BJP workers misused Form 7 to remove Muslim voters en masse in states like Karnataka, Telangana, and West Bengal. Meanwhile, existing quotas for Booth Level Agents (BLAs) of recognized political parties—50 forms per day before draft publication and 10 forms per day after—will remain unchanged.