സിജെപി സമരത്തിനായി ഡല്‍ഹിയിലേക്ക് എത്തിയ യൂട്യൂബര്‍ ധ്രുവ് റാഠി കസ്റ്റഡിയില്‍. ഗുരുഗ്രാമിലെ വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ജന്തര്‍ മന്തറിലേക്ക് ആരെയും കടത്തി വിടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 150 ലേറെപ്പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സിപിഎം നേതാക്കളെയും ഡല്‍ഹിയില്‍ തടഞ്ഞു. അതേസമയം, രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് എത്തിച്ചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സിജെപി. ഡല്‍ഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചെങ്കിലും രാവിലെ എല്ലാവരും എത്തിച്ചേരണമെന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പോസ്റ്ററിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയും സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്നുമാണ് സിജെപിയുടെ ആവശ്യം.
രാവിലെ ജന്തര്‍ മന്തറിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാരോപിച്ച് നൂറോളം പേരെ കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഇന്‍റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ഒട്ടേറെ മാര്‍ക്കറ്റുകളും മെട്രോ സ്റ്റേഷനുകളും വ്യാപകമായി അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് എത്തിച്ചേരുന്ന പന്ത്രണ്ടോളം ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹി പൊലീസുമായി സഹകരിക്കണമെന്നും പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് എത്തുന്നത് തടയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സിജെപി സമരത്തിനായി ഏഴായിരം പേരെങ്കിലും ഇന്ന് ഡല്‍ഹിയില്‍ എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. നിയമവിരുദ്ധമായി പ്രക്ഷോഭത്തില്‍ പങ്കെടുക്കാനെത്തുന്നവരെ കസറ്റഡിയില്‍ എടുക്കുമെന്നും ഇവരെ പ്രത്യേക തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ജന്തര്‍ മന്തറില്‍ നിന്ന് പ്രതിഷേധം രാംലീല മൈതാനത്തേക്ക് മാറ്റിയേക്കാനുള്ള സാധ്യതയും പൊലീസ് കണക്കിലെടുക്കുന്നുണ്ട്. ഇവിടെയും പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ല.