മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ. സുരേന്ദ്രന് ഒടുവിൽ നീതി. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തുക പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. 2003 മുതൽ നടത്തിവന്ന നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചതിന്റെ ആശ്വാസത്തിലാണ് കെ.കെ. സുരേന്ദ്രൻ. നീതി ലഭിച്ചെന്നും ഉറപ്പുപാലിച്ച മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും കെ.കെ. സുരേന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജയിൽവാസക്കാലം മുതൽ തനിക്കൊപ്പം നിന്ന മാധ്യമങ്ങൾക്കും നിയമപോരാട്ടത്തിൽ താങ്ങായ അഭിഭാഷകർക്കും സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി.

മുത്തങ്ങ സമരകാലത്ത് സി.കെ. ജാനു ഉൾപ്പെടെയുള്ളവരെ സഹായിച്ചെന്നാരോപിച്ചാണ് അധ്യാപകനായിരുന്ന കെ.കെ. സുരേന്ദ്രനെ പൊലീസ് ക്രൂരമായി മർദിച്ചത്. സമരത്തിനായി പരിശീലനം നൽകി എന്നതായിരുന്നു പ്രധാന ആരോപണം. കേസിൽ 2021ൽത്തന്നെ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നെങ്കിലും സർക്കാരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അപ്പീൽ നൽകിയതിനെത്തുടർന്ന് നടപടികൾ നീണ്ടുപോകുകയായിരുന്നു. തുടർന്ന് തന്റെ സങ്കടാവസ്ഥ കെ.കെ. സുരേന്ദ്രൻ കഴിഞ്ഞ മാസം തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൽപ്പറ്റ കോടതി വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.

കെ.കെ. സുരേന്ദ്രന്റെ പ്രതികരണത്തിന്റെ പൂർണരൂപം:

‘എനിക്ക് എന്തായാലും ആശ്വാസമായി. 2003ൽ തുടങ്ങിയ പോരാട്ടമാണിത്. ഇതിനായി രണ്ട് കേസുകൾ ഫയൽ ചെയ്തിരുന്നു; ഒരു ക്രിമിനൽ കേസും ഒരു സിവിൽ കേസും. ക്രിമിനൽ കേസ് അന്ന് തന്നെ പൊലീസ് തള്ളിക്കളഞ്ഞു. സിവിൽ കേസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

സിവിൽ കേസ് തയ്യാറാക്കിയ അഡ്വ. കെ.സി. എൽദോയാണ് ഈ നിയമപോരാട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത്. അതുപോലെതന്നെ കൽപ്പറ്റ കോടതിയിലെ അഡ്വ. കെ.എൻ. മോഹനനും. ഇവർ രണ്ടുപേരുമാണ് എല്ലാ കാലത്തും എന്റെ പോരാട്ടത്തിന്റെ നട്ടെല്ലായത്. അവരോടാണ് എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത്. പിന്നീട്, ഞാൻ ജയിലിൽ കിടക്കുമ്പോൾത്തന്നെ മാധ്യമങ്ങൾ എനിക്ക് പിന്തുണ നൽകിയിരുന്നു. എന്റെ നിരപരാധിത്വം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ മാധ്യമങ്ങളാണ് ഏറ്റവും കൂടുതൽ സഹായിച്ചത്.

പിണറായി വിജയൻ സർക്കാർ എന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കുക പോലും ചെയ്യാതെയാണ് പൊലീസുകാർക്കുവേണ്ടി അപ്പീൽ നൽകിയത്. ഇപ്പോൾ അപ്പീൽ സംബന്ധിച്ച വിധി വന്ന സമയത്ത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിച്ചു. എന്തായാലും ഇനി സുരേന്ദ്രന് നീതി ലഭിച്ചിരിക്കുമെന്ന് വി.ഡി. സതീശൻ എനിക്ക് ഉറപ്പുനൽകിയതാണ്. അതിൽ അദ്ദേഹത്തോട് സന്തോഷവും നന്ദിയുമുണ്ട്.’

ENGLISH SUMMARY:

After a 23-year legal battle, K.K. Surendran, an educator who suffered severe police brutality during the 2003 Muthanga agitation, has finally secured justice. Following Chief Minister's directives, the state government decided not to appeal a 2021 court ruling, ordering a compensation of ₹12.5 lakh to be recovered directly from the responsible police officers. Surendran expressed heartfelt gratitude to the media, his lawyers (Adv. K.C. Eldho and Adv. K.N. Mohanan), and Chief Minister V.D. Satheesan, whom he met last month to present his plight, resulting in the decisive ruling against appealing the compensation.