ഡല്‍ഹി നഗരത്തില്‍ സമരക്കാരെ നേരിടാനായി വിന്യസിച്ചത് ഇരുപത്തിയയ്യായിരത്തോളം പൊലീസുകാരെ. എയർലൈൻ ഹൗസിന് സമീപം ലോറികളിൽ വെള്ളക്കുപ്പികളും ഭക്ഷണവും എത്തിച്ചു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി വെള്ളം, ഭക്ഷണം, ഒ.ആർ.എസ് എന്നിവയാണ് ഇത്തരത്തിൽ വാഹനങ്ങളിൽ എത്തിക്കുന്നത്. പൊലീസുകാർക്കായി വിതരണം ചെയ്യുന്ന ഈ സാധനങ്ങൾ വാഹനങ്ങളിൽ കയറ്റി വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. 

അതേസമയം ഡൽഹി നഗരത്തിൽ ഒരിടത്തും ഒരു കടപോലും തുറന്നിട്ടില്ലാത്തതിനാൽ സാധാരണക്കാർക്കും സമരക്കാര്‍ക്കും കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണ്. പ്രതിഷേധ സാധ്യതയുള്ള പ്രദേശങ്ങളിലെ ചെറിയ കടകള്‍ പോലും പൊലീസ് അടപ്പിച്ചു. ഡൽഹിയിലെ പ്രധാന മാർക്കറ്റുകളെല്ലാം അടഞ്ഞുകിടക്കുമ്പോഴും പൊലീസിന് വേണ്ട ഭക്ഷണവും വെള്ളവും എത്തിക്കുന്ന വാഹനങ്ങളുടെ വലിയ നിരയാണ് എയർലൈൻസ് ഹൗസിന് മുൻപിൽ.

പുറത്തിറങ്ങാനോ ഭക്ഷണം കഴിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിന് സമീപം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഡൽഹി നഗരം പൂർണമായി സ്തംഭിച്ചു. ആർക്കും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ.

സമരം ചെയ്യുന്ന യുവാക്കളെ കണ്ടാൽ കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമാണുള്ളത്. നഗരത്തിലെ എല്ലാ റോഡുകളും ബാരിക്കേഡുകൾ വെച്ച് അടച്ചു. പ്രതിഷേധങ്ങൾ ശക്തമായതോടെ കാൽനടയായി പോലും റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്ത വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ENGLISH SUMMARY:

Delhi police have deployed nearly 25,000 personnel across the national capital to counter ongoing protests, establishing extensive supply chains for food and water near Airline House. Meanwhile, strict security clampdowns and closures of local shops have left ordinary citizens and protesters stranded without access to drinking water and basic food items. Major markets and streets remain heavily barricaded, bringing normal urban life to a complete standstill. Authorities continue to detain youth and demonstrators attempting to gather in restricted areas.