ഡല്‍ഹിയിലെ ഇന്ത്യ സഖ്യത്തിന്‍റെ പ്രതിഷേധത്തിനിടെ അറസ്റ്റിലായതിന് ശേഷം പൊലീസ് വാനില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രമം. വാനി‍ന്‍റെ ജനല്‍ വഴിയാണ് രാഹുല്‍ പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ആകാശവാണി ഭവന് മുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഷാഫി പറമ്പിൽ, ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബെഹനാൻ തുടങ്ങിയ എം.പിമാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.

ഉച്ചമുതൽ ജനപ്രതിനിധികൾക്ക് പിന്തുണയുമായി ധാരാളം പ്രവർത്തകർ സംഭവസ്ഥലത്തേക്ക് എത്തിയതോടെ വലിയ രീതിയിലുള്ള സംഘർഷാവസ്ഥയാണ് രൂപപ്പെട്ടത്. പ്രതിഷേധ സ്ഥലം പൂർണ്ണമായും വളഞ്ഞ പൊലീസ് ആദ്യം എം.പിമാരെയും രാഹുൽ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങളെയും ബലം പ്രയോഗിച്ച് മാറ്റി. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ പൊലീസിന്റെ വൻ സംഘം വളഞ്ഞ്, വലിച്ച് നീക്കി വാഹനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വാഹനത്തിൽ കയറ്റിയ ശേഷമാണ് കസ്റ്റഡിയിൽ നിന്ന് പുറത്തേക്ക് കടക്കാൻ രാഹുൽ ശ്രമിച്ചത്. പ്രവർത്തകർ ഗേറ്റിന് സമീപം റോഡ് തടയുകയും വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും ചെയ്തതോടെ ഏറെ പണിപ്പെട്ടാണ് ആകാശവാണി ഭവന്റെ വളപ്പിൽ നിന്നും പൊലീസിന് വാഹനം പുറത്തേക്ക് എടുക്കാൻ സാധിച്ചത്. ഒടുവിൽ കനത്ത പോലീസ് സുരക്ഷയില്‍ പൊലീസ് വാഹനം മുന്നോട്ട് നീങ്ങി. വലിയ രീതിയിലുള്ള പ്രതിരോധത്തിനൊടുവിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. 

വോട്ടിംഗ് ക്രമക്കേടുകൾ ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നേരിട്ട് നിവേദനം നൽകാൻ എത്തിയ മുന്നൂറോളം വരുവന്ന ജനപ്രതിനിധികളെ പോലീസ് തടഞ്ഞതോടെയാണ് ആകാശവാണി ഭവനകത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിശ്ശബ്ദ സത്യാഗ്രഹം ആരംഭിച്ചത്. സമരം നീണ്ടതോടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രിയങ്ക ഗാന്ധിയുമായി ഫോണിൽ ചർച്ച നടത്തുകയും സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ആകാശവാണി ഭവനകത്തും പുറത്തും തടിച്ചുകൂടിയ പ്രതിഷേധക്കാരെയും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെയും പൊലീസ് വാഹനങ്ങളിൽ കയറ്റി മാറ്റിയിട്ടുണ്ട്. ജലപീരങ്കികളും കണ്ണീർവാതക സംവിധാനങ്ങളുമായി വൻ പൊലീസ് വ്യൂഹമാണ് ആകാശവാണി റോഡിലും ജന്തർമന്തർ പരിസരത്തും നിലയുറപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Rahul Gandhi attempted to climb out through the window of a police van after being forcibly detained during the high-voltage INDIA bloc protest in New Delhi. The dramatic moment unfolded at Akashvani Bhavan where senior leaders, including Priyanka Gandhi, KC Venugopal, and Shafi Parambil, were protesting over alleged voting irregularities. Security personnel faced intense resistance from party workers who blocked the roads and surrounded the vehicles before police managed to navigate the van out under heavy escort. The silent satyagraha had commenced after hundreds of opposition parliamentarians were stopped from meeting the Chief Election Commissioner to submit a formal memorandum.