• രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് വിടാൻ കാരണമായതെന്ന് കെ.വി.തോമസ്

കോൺഗ്രസിൽനിന്ന് അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്ന് കെ.വി.തോമസ്. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു പുസ്തകത്തിലൂടെയുള്ള യാത്ര. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് വിടാൻ കാരണമായത്. സോണിയ ഗാന്ധിയുമായുള്ള വ്യക്തിബന്ധം ഇപ്പോഴും തുടരുന്നു, എന്നാല്‍ കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, കെ.വി. തോമസ് പറഞ്ഞു.

സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ച അനുഭവത്തിലാണ് നമ്മൾ സംസാരിക്കുന്നത്. പുസ്തകം മുഴുവൻ വായിച്ചോ?

പുസ്തകം വായിച്ചു എന്നു മാത്രമല്ല, സോണിയ ഗാന്ധിയെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുള്ളയാളാണ് ഞാൻ. 'സോണിയ പ്രിയങ്കരി' എന്ന പുസ്തകം സോണിയ ഗാന്ധി തന്നെയാണ് പ്രകാശനം ചെയ്തത്. മറ്റൊന്ന് 'സോണിയ: ദ ബെലവഡ്'എന്ന പുസ്തകമാണ്. അതിന്‍റെ ഔദ്യോഗിക പ്രകാശനം നടത്താൻ കഴിഞ്ഞെങ്കിലും പുസ്തകം വ്യാപകമായി പുറത്തിറക്കാൻ കഴിഞ്ഞില്ല. 

അതിന് ഒരു കാരണമുണ്ട്. 'Stab from Behind' എന്ന പേരിൽ ഒരു അധ്യായം അതിലുണ്ടായിരുന്നു. ശരത് പവാറും സംഘവും കോൺഗ്രസ് പ്രവർത്തകസമിതിയിൽ സോണിയ ഗാന്ധിയുടെ വിദേശപൗരത്വം ഉന്നയിച്ച സംഭവമായിരുന്നു അതിന്‍റെ ഉള്ളടക്കം. ആ അധ്യായം ഉൾപ്പെടുത്തിയതിനെക്കുറിച്ച് എ.കെ.ആന്‍റണി ഉൾപ്പെടെയുള്ളവർക്ക് ചില അഭിപ്രായങ്ങളുണ്ടായിരുന്നു. എല്ലാവരുടെയും ഭാഗം കൂടി കേൾക്കണമെന്നായിരുന്നു അവരുടെ നിലപാട്. പുതിയ പുസ്തകം വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ബുക്ക് ചെയ്തു. ഡൽഹിയിൽവച്ചാണ് വായിച്ചത്. ഒന്നിച്ചിരുന്ന് വായിക്കുന്നതിനുപകരം ഓരോ അധ്യായമായി പലതവണ വായിച്ചു.

സോണിയ ഗാന്ധിയെക്കുറിച്ച് വ്യക്തിപരമായി അറിയുന്ന കാര്യങ്ങളും ഈ പുസ്തകം വായിച്ചപ്പോൾ മനസിലാക്കിയ കാര്യങ്ങളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

സോണിയ ഗാന്ധി ഒരു നല്ല സ്ത്രീയാണ്. അവരുടെ ജീവിതവും തുടക്കകാലവുമെല്ലാം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് എനിക്ക് ചില ശക്തമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കോൺഗ്രസ് വിടാനുള്ള കാരണങ്ങളിൽ അതും ഒന്നാണ്. എന്നാൽ ഈ പുസ്തകം വായിച്ചപ്പോൾ ചില കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഇറ്റാലിയൻ കുടുംബങ്ങളിൽ ആൺകുട്ടികൾക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. സോണിയയുടെ അമ്മ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ അച്ഛൻ പ്രതീക്ഷിച്ചത് ആൺകുട്ടിയെയായിരുന്നു. എന്നാൽ പെൺകുട്ടി ജനിച്ചതിൽ അദ്ദേഹത്തിന് നിരാശയുണ്ടായി.

സോണിയ ഗാന്ധിക്ക് രാഹുലിനോട് അമിതമായ സ്നേഹമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ പുസ്തകം വായിച്ചപ്പോൾ അത് അവരുടെ കുടുംബപശ്ചാത്തലവും സ്വഭാവവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് മനസിലായി. പ്രിയങ്കയോടും അവർക്ക് വലിയ അടുപ്പമുണ്ട്. എങ്കിലും ആൺകുട്ടികൾക്ക് നൽകുന്ന പ്രത്യേക പരിഗണന രാഹുലിന് ലഭിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രാഹുലിന് പല കാര്യങ്ങളിലും വഴിവിട്ട പരിഗണന നൽകുന്നുവെന്നായിരുന്നു എന്‍റെ അഭിപ്രായം. അതാണ് ഞങ്ങൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഒരു കാരണം. പിന്നീട് എന്നെ പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിവാക്കി. അതോടെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും നേരിട്ട് അറിയാവുന്ന ഒരാളെന്ന നിലയിൽ, അവരെക്കുറിച്ചുള്ള അനുഭവങ്ങൾക്ക് ഈ പുസ്തകത്തിൽ കൂടുതൽ വ്യക്തത ലഭിക്കുന്നുണ്ടോ?‌

തീർച്ചയായും. നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ള പല കാര്യങ്ങൾക്കും അടിസ്ഥാനമായ സംഭവങ്ങൾ പുസ്തകത്തിലുണ്ട്. രസകരമായ ഒട്ടേറെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. രാഹുൽ രാജീവ് ഗാന്ധിയുടെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള കുടുംബജീവിതത്തിലെ രംഗങ്ങൾ പുസ്തകത്തിലുണ്ട്. അതൊക്കെ വായിക്കുമ്പോൾ ഒരു സ്നേഹസമ്പന്നമായ കുടുംബത്തിന്‍റെ ചിത്രമാണ് മനസിൽ വരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ചില അനുഭവങ്ങൾ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അന്ന് ഞാൻ താമസിച്ചിരുന്നത് 84 സൗത്ത് സെവൻ കോഴ്സ് റോഡിലായിരുന്നു. മൊബൈൽ ഫോണുകളൊന്നുമില്ലാത്ത കാലം. രാത്രി ഒരു മണിയാകുമ്പോഴൊക്കെ ലാൻഡ് ഫോണിൽ വിളിച്ച് രാജീവ് ഗാന്ധിയുടെ വസതിയിലേക്ക് ചെല്ലാൻ പറയും.

എന്‍റെ ഭാര്യയാണ് അന്ന് കാറോടിച്ച് എന്നെ അവിടെ എത്തിച്ചിരുന്നത്. അവിടെ ചെല്ലുമ്പോൾ സോണിയ ഗാന്ധി ചൂടുകാപ്പിയും ബിസ്കറ്റുമൊക്കെ നൽകും. അത്രയും സ്നേഹത്തോടെയും കരുതലോടെയുമാണ് അവർ പെരുമാറിയിരുന്നത്. അടുത്തിടെ മകൾ ഈ പഴയ അനുഭവങ്ങൾ ഓർമിപ്പിച്ചിരുന്നു. അങ്ങനെയുള്ള നല്ലൊരു കുടുംബിനിയായാണ് ഞാൻ സോണിയ ഗാന്ധിയെ കാണുന്നത്. എല്ലാവരോടും വളരെ നല്ല രീതിയിലായിരുന്നു അവരുടെ പെരുമാറ്റം.

ഇനി കോൺഗ്രസിലേക്ക് തിരിച്ചുപോകില്ലെന്ന് പറയുമ്പോഴും സോണിയ ഗാന്ധിയുമായുള്ള അടുപ്പം ഇപ്പോഴും വ്യക്തമാക്കുന്നുണ്ട്. വ്യക്തിബന്ധത്തിന് പുറത്ത് പിന്നീട് സോണിയ ഗാന്ധിയിൽനിന്നോ മറ്റാരിൽനിന്നെങ്കിലുമോ വിളിയുണ്ടായിട്ടുണ്ടോ?

എല്ലാവരുമായും വ്യക്തിബന്ധം നിലനിർത്തുന്നയാളാണ് ഞാൻ. നരേന്ദ്ര മോദിയുമായി 2001 മുതൽ ബന്ധമുണ്ട്. അന്ന് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് മത്സ്യത്തൊഴിലാളി സ്ത്രീകൾ ഗുജറാത്തിൽ പോയതുമായി ബന്ധപ്പെട്ടാണ് ആ ബന്ധം തുടങ്ങിയത്. ഇന്നും അത് തുടരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ പോയപ്പോഴും ഞങ്ങൾ സംസാരിച്ചിരുന്നു. എ.കെ. ആന്റണിയോടും എനിക്ക് വലിയ അടുപ്പമാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാക്കളിലൊരാളാണ് അദ്ദേഹം. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്തിബന്ധങ്ങൾ നിലനിർത്താൻ ഞാൻ ശ്രമിക്കാറുണ്ട്.

കോൺഗ്രസിൽനിന്ന് പുറത്തുപോകേണ്ടിവന്നതിൽ എനിക്ക് വേദനയുണ്ട്. ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്നെ പുറത്താക്കുകയായിരുന്നുവെന്നാണ് തോന്നിയത്. ഞാൻ എഐസിസി അംഗമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ എന്‍റെ അടുത്ത സുഹൃത്തായ പി.ടി. തോമസിന്‍റെ പ്രചാരണത്തിന് പോകണമെന്ന് ആലോചിച്ചു. എന്നാൽ ഉത്തരവാദിത്തപ്പെട്ടവർ വേണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് പാർട്ടിയിൽ എനിക്കുള്ള സ്ഥാനം മനസിലായത്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തത്. ആ സമയത്ത് എനിക്ക് തണലായി വന്നത് ഇടതുപക്ഷ പ്രസ്ഥാനവും സിപിഎമ്മും പിണറായി വിജയനുമാണ്.

സോണിയ ഗാന്ധി നാളെ വിളിച്ചാൽ പോലും കോൺഗ്രസിലേക്ക് ഒരു തിരിച്ചുപോക്കില്ലേ?

ഇല്ല, ഇല്ല. വിളിച്ചാൽ ഞാൻ കാര്യങ്ങൾ തുറന്നുപറയും. എല്ലാത്തിനും ഒരു പരിധിയുണ്ട്. സോണിയ ഗാന്ധിയുമായുള്ള വ്യക്തിബന്ധത്തിന് ഇപ്പോഴും മാറ്റമില്ല. ഇപ്പോൾ വാങ്ങിയ പുസ്തകത്തിൽ ഒപ്പിട്ടുവാങ്ങാൻ അവരെ ഏൽപ്പിച്ചിരിക്കുകയാണ്. ഒപ്പിട്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട്. 

ചില മുതിർന്ന നേതാക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രഫസറെ മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല, നമ്മളോടൊപ്പം നിൽക്കുന്നയാളാണ് എന്നൊക്കെ. എന്‍റെ സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ഇപ്പോഴും കത്തിടപാടുകളും ബന്ധപ്പെടലുമൊക്കെയുണ്ട്. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്ന കാര്യത്തിൽ സോണിയ ഗാന്ധിക്ക് തുല്യമായി ഞാൻ ആരെയും കണ്ടിട്ടില്ല.

ENGLISH SUMMARY:

Veteran politician K.V. Thomas has stated that despite parting ways with the Indian National Congress, his personal bond and deep respect for Sonia Gandhi remain completely unchanged. Reflecting on her autobiography, he shared that reading the book was a deeply heartwarming and memorable journey. Thomas clarified that his departure from the party was specifically triggered by ideological and personal differences with Rahul Gandhi. While he continues to maintain a warm personal relationship with Sonia Gandhi, he firmly ruled out any possibility of returning to the Congress party, even if she were to personally invite him back.