• ജന്തര്‍ മന്തറില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന പ്രതിഷേധത്തിനിടെ വനിത മാധ്യമപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന കൊണാട്ട് പ്ലേസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വിവേക് ഭഗതിന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ആയി സ്ഥാനക്കയറ്റം

ജന്തര്‍ മന്തറില്‍ ഒക്ടോബര്‍ മൂന്നിന് നടന്ന പ്രതിഷേധത്തിനിടെ വനിത മാധ്യമപ്രവര്‍ത്തകരെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം. കൊണാട്ട് പ്ലേസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വിവേക് ഭഗതിനാണ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ആയി സ്ഥാനക്കയറ്റം നൽകിയത്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് വിവേക് ഭഗത്  മൂന്ന് വനിതാ മാധ്യമപ്രവർത്തകര്‍ക്കെതിരെ ലൈംഗികാതിക്രമണം നടത്തിയത്.  പരാതികൾ വിശദമായ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി  പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവിധേയനായ എസിപിയുൾപ്പെടെയുള്ള പതിനൊന്ന് പേര്‍ക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.  

സ്ഥാനക്കയറ്റങ്ങൾ പതിവാണെന്നും ആരോപണങ്ങൾ ഉയരുന്നതിന് വളരെ മുമ്പുതന്നെ വിവേക് ഭഗതിന്‍റെ പേര് പ്രെമോഷനുവേണ്ടി  നിർദ്ദേശിക്കപ്പെട്ടിരുന്നുവെന്നും ഒരു  പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട്  പറഞ്ഞു. 2018 ബാച്ച് ഉദ്യോഗസ്ഥനായ വിവേക് ഭഗത് അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

അതേസമയം മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് പുറത്ത് മാധ്യമപ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി.

ENGLISH SUMMARY:

A Delhi Police officer, Vivek Bhagat, accused of sexually harassing three female journalists during a protest at Jantar Mantar, has been promoted to Additional Deputy Commissioner of Police. The incident occurred on Saturday during a demonstration demanding the resignation of Chief Election Commissioner Gyanesh Kumar. Although the complaints were forwarded to the Crime Branch for detailed investigation, police initially refused to register an FIR, prompting journalists to stage a sit-in outside the Parliament Street Police Station. A senior police official defended the promotion, stating that transfers and promotions are routine and Bhagat's name was recommended long before the allegations emerge