സ്ത്രീകൾക്കെതിരായ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളിലും സാമൂഹിക വിരുദ്ധരിലും ഭയം വളർത്തണമെന്ന് ഡൽഹി പൊലീസിനോട് സുപ്രീം കോടതി. ഗുണ്ടകള്‍ പെണ്‍കുട്ടികളെ സ്ഥിരമായി ശല്ല്യപ്പെടുത്തുന്ന കോളജ് പരിസരങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും കോടതി ആവശ്യപ്പെട്ടു. ഡൽഹി എൻസിആറില്‍ സമീപകാലങ്ങളില്‍ നടന്ന ബലാത്സംഗങ്ങളില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കിയത്.
രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന ധാരണ ജനങ്ങളുടെ ഇടയില്‍ വര്‍ധിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കുറ്റകൃത്യം നടന്നതിന് ശേഷം എന്തുചെയ്തു എന്നതിലല്ല കാര്യമെന്നും മറിച്ച് കുറ്റകൃത്യം തടയുന്നാണ് പ്രധാനമെന്നും കോടതി പറഞ്ഞു.
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ കൂട്ടായ പരിശ്രമം നടത്തണമെന്നും ബലാത്സംഗം ഒരു സമൂഹത്തിലും അംഗീകരിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തലസ്ഥാനത്ത് ഗുണ്ടകളും കുറ്റവാളികളും ഒത്തുകൂടുന്ന അനവധി ഭക്ഷണശാലകളുണ്ടെന്നും അവിടെങ്ങളിലെല്ലാം പൊലീസിന്‍റെ ശ്രദ്ധ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. രാത്രി പതിനൊന്ന് മണിക്കും പെണ്‍കുട്ടികള്‍ക്ക് ഇറങ്ങിനടക്കാവുന്ന സ്ഥലമാക്കി ഡല്‍ഹിയെ മാറ്റണമെന്നും അതിപ്പോള്‍ റോഡ് ആയാലും മെട്രോയായാലും ആ സുരക്ഷിതത്വം സ്ത്രീകള്‍ക്ക് ഉണ്ടാവണമെന്നും സുപ്രീം കോടതി പറഞ്ഞു.