• മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ ആദ്യവാരം ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് ഈ സംഭവം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ എത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള പല പൊലീസുകാരുടെയും യൂണിഫോമിൽ പേരോ പദവിയോ വ്യക്തമാക്കുന്ന നെയിം ബാഡ്ജുകൾ ഉണ്ടായിരുന്നില്ല.

ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ നെയിം പ്ലേറ്റ് ഇല്ലാത്ത യൂണിഫോം ധരിച്ചത് ചോദ്യം ചെയ്ത പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും പരിഹസിച്ച്  പൊലീസ് ഉദ്യോഗസ്ഥന്‍. നെയിം പ്ലേറ്റ് ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ മുഖം വക്രിച്ച് പിടിച്ച ആംഗ്യം കാണിച്ച് നടന്നുപോകുകയാണ് ഇയാള്‍ ചെയ്തത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ ആദ്യവാരം ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലാണ് ഈ സംഭവം. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ എത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള പല പൊലീസുകാരുടെയും യൂണിഫോമിൽ പേരോ പദവിയോ വ്യക്തമാക്കുന്ന നെയിം ബാഡ്ജുകൾ ഉണ്ടായിരുന്നില്ല.

നെയിം പ്ലേറ്റ് ഇല്ലാത്തതിനെ കുറിച്ച് മാധ്യമപ്രവർത്തകരും പ്രതിഷേധക്കാരും ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിച്ചപ്പോള്‍ പലരും മുഖം തിരിക്കുകയും പരിഹാസപൂർവ്വം ആംഗ്യങ്ങൾ കാണിക്കുകയോ തട്ടിക്കയറാൻ ശ്രമിക്കുകയോ ചെയ്തുവെന്ന ആരോപണമുയരുന്നുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടയിൽ നെയിം പ്ലേറ്റുകൾ വീണുപോയതാണെന്നാണ് പിന്നീട് പൊലീസ് നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ തങ്ങളെയും കുടുംബത്തെയും ലക്ഷ്യമിട്ട് ട്രോളുകൾ വരുന്നത് ഒഴിവാക്കാൻ പൊലീസുകാർ മനപൂർവ്വം നെയിം പ്ലേറ്റുകൾ മാറ്റിവെച്ചതാണെന്നും ആക്ഷേപമുണ്ട്. അതേസമയം നെയിം പ്ലേറ്റുകൾ ധരിക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടില്ലെന്ന് ന്യൂഡൽഹി ജില്ലാ ഡിസിപി സച്ചിൻ ശർമ പറഞ്ഞു. 

ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ നെയിം പ്ലേറ്റ് നിർബന്ധമാക്കുന്നതാണ് സ്റ്റാൻഡിങ് ഓർഡർ നമ്പർ 51. കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങളോടെ രണ്ട് ഭാഷകളിൽ പേരും വിവരങ്ങളും രേഖപ്പെടുത്തിയ പ്ലാസ്റ്റിക് നെയിം പ്ലേറ്റാണ് യൂണിഫോമിന്‍റെ ഭാഗമായി ഉപയോഗിക്കേണ്ടത്.

സുപ്രീം കോടതിയുടെ 'ഡി.കെ. ബസു വേഴ്സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ' വിധിപ്രകാരം ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമായി കാണാവുന്ന രീതിയിൽ നെയിം ടാഗുകൾ ധരിക്കണമെന്ന നിയമം നിലനിൽക്കെയാണ് ഡൽഹി പൊലീസിന്റെ ഈ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്.

ENGLISH SUMMARY:

Delhi police officers in Jantar Mantar were criticized for not wearing name plates during a protest, leading to widespread backlash. This incident, captured in a viral video, raises questions about public accountability and transparency within law enforcement, especially concerning the Supreme Court's directives on visible identification for duty officers.