ജിഎസ്ടി നിരക്കുകൾ പുനസംഘടിപ്പിച്ചതിന് പിന്നാലെ രാജ്യത്തെ ജിഎസ്ടി നിയമത്തിൽ വലിയ മാറ്റങ്ങൾ വരുന്നു. ജിഎസ്ടി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് നേരിട്ട് ആളുകളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം എടുത്തുമാറ്റിയേക്കും. ഇതിനുവേണ്ടി വരാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിയമങ്ങളില്‍ മാറ്റങ്ങൾ വരുത്തും. പുതിയ നിർദ്ദേശം അനുസരിച്ച് ഉദ്യോഗസ്ഥർക്ക് ഇനി സ്വമേധയാ അറസ്റ്റ് ചെയ്യാനാകില്ല. പകരം അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ മുൻകൂട്ടിയുള്ള ഉത്തരവ് നിർബന്ധമായിരിക്കും.
ഈമാസം ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ബിസിനസ് അന്തരീക്ഷം കൂടുതൽ സുഗമമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
കൂടാതെ നികുതി തർക്കങ്ങൾ, തരംതിരിക്കലിലെ പിഴവുകൾ, ഐടിസി അവകാശവാദങ്ങളിലെ തർക്കങ്ങൾ എന്നിവയിൽ ക്രിമിനൽ നടപടികൾ ഒഴിവാക്കും. ക്രിമിനൽ കേസ് എടുക്കുന്നതിനുള്ള കുറഞ്ഞ തുകയുടെ പരിധി ഒരു കോടിയില്‍ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും സാധ്യതയുണ്ട്.
നികുതിവെട്ടിപ്പ്, വ്യാജ ഇൻവോയിസ് നിർമ്മാണം തുടങ്ങിയ ഗുരുതരമായ തട്ടിപ്പുകൾക്കെതിരെ കർശന നടപടിയുണ്ടാകും. എങ്കിലും അറസ്റ്റിനേക്കാൾ നികുതി തിരിച്ചുപിടിക്കൽ, പലിശ, പിഴ എന്നിവ ഈടാക്കുന്നതിനായിരിക്കും മുൻഗണന നൽകുക.
ജിഎസ്ടി പ്രകാരമുള്ള അറസ്റ്റുകൾ യാന്ത്രികമാകരുതെന്നും സാങ്കേതികപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതികളും സുപ്രീം കോടതിയും മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. കൗൺസിൽ യോഗത്തിൽ അംഗീകാരം ലഭിച്ചാൽ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ നിയമഭേദഗതി നിലവില്‍ വരും.