ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടും ഐസ പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം. ഐസ പ്രസിഡന്റ് ഐഷി ഘോഷിനെ ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തു. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. വനിത മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയില്‍ FIR റജിസ്റ്റര്‍ ചെയ്യാന്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് തയാറായില്ല. 

 

ഐസയുടെ നേതൃത്വത്തില്‍ ഇന്ത്യ ഗേറ്റില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് നടന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഐഷി ഘോഷിനെ കസ്റ്റഡിയില്‍ എടുത്ത് കയറ്റിയ പൊലീസ് വാഹനം മുന്നോട്ടുനീങ്ങാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. വാഹനം വളയുകയും വനിത പ്രവര്‍ത്തകര്‍ മുകളില്‍ കയറി നില്‍ക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പൊലീസ് വാഹനം പുറത്തെടുത്ത് ഐഷിയെ കൊണ്ടുപോയത്

 

Also read: 'ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറേണ്ടത്?' മോദിക്കും അമിത് ഷായ്ക്കുമെതിരെ പ്രിയങ്ക ഗാന്ധി

കാര്‍ തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരെ കയറ്റിയ ബസ് നടുറോഡില്‍ തടഞ്ഞിട്ടു. ഏറെ നേരം നഗരം നിശ്ചലമായി. ഇതിനിടെ ചില്ല് തകര്‍ത്തും എമര്‍ജന്‍സി ഡോര്‍ തുറന്നും പ്രതിഷേധക്കാര്‍ ബസില്‍ നിന്ന് പുറത്തുചാടി. രണ്ടു മണിക്കൂറിലേറെ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസും അര്‍ധ സൈനിക വിഭാഗങ്ങളും ചേര്‍ന്ന് വലിച്ചിഴച്ചും തൂക്കിയെടുത്തും എല്ലാവരെയും സ്ഥലത്തുനിന്ന് നീക്കി

 

ഇന്നലെ നടന്ന ഐസ മാര്‍ച്ചിനിടെ വനിത മാധ്യമപ്രവര്‍ത്തകയെ എ.സി.പി. വിവേക് ഭഗത് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ എഫ്.ഐ.ആര്‍. റജിസ്റ്റര്‍ െചയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിക്കൊപ്പം സി.പി.എം നേതാവ് ബൃന്ദ കാരാട്ട്, സി.ജെ.പി. വക്താവ് സൗരവ് ദാസ്, എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷ് എന്നിവര്‍ പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി. 

 

പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്നുമായിരുന്നു പൊലീസിന്‍റെ മറുപടി. പീഡനത്തിന് പൊലീസ് തെളിവു ചോദിക്കുകയാണെന്നും ഇത് നാണക്കേടാണെന്നും ബൃന്ദ കാരാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിഷേഷം ശക്തമായി തുടരുമെന്ന് സൗരവ് ദാസും നിയമനടപടിയടക്കം പരിഗണിക്കുമെന്ന് ഐഷി ഘോഷും പ്രതികരിച്ചു. 

ENGLISH SUMMARY:

Massive protests erupted in New Delhi as activists from the All India Students' Association (AISA) marched from India Gate to Jantar Mantar, demanding the resignation of Gyanesh Kumar and action against a police official accused of sexually harassing a female journalist during an earlier demonstration.