2029ലെ തിരഞ്ഞെടുപ്പില്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ തനിക്കൊരു എതിര്‍പ്പും ഇല്ലെന്ന് മമത ബാനർജി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത ബാനർജി.
ഇത്തരത്തിലുള്ള ചോദ്യങ്ങൾ എപ്പോഴും ചോദിക്കരുതെന്നും തങ്ങള്‍ ഒരു കുടുംബമാണെന്നും മമത ബാനര്‍ജി പറഞ്ഞു. സമയമാകുമ്പോള്‍ അതേകുറിച്ച് തീരുമാനിക്കുമെന്നും മമത ബാനര്‍ജി. രാജ്യത്തെ രക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്നത് ഇപ്പോൾ പ്രസക്തമല്ലെന്നും ഇന്ത്യാ മുന്നണിയിലെ വിവിധ നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 30ന് നടന്ന ഇന്ത്യാ മുന്നണിയുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ മുഖമായി അംഗീകരിക്കുന്നതായി മമത ബാനർജി പറഞ്ഞു. എന്നാല്‍ നേതൃസ്ഥാനങ്ങൾ ചർച്ച ചെയ്യാനല്ല, രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് ഐക്യത്തോടെ പ്രതികരിക്കാനാണ് ഈ യോഗമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി നീങ്ങാനാണ് ഇന്ത്യാ സംഖ്യത്തിന്‍റെ തീരുമാനം. ഇന്ത്യാ മുന്നണി ഒരു ശബ്ദത്തില്‍ സംസാരിക്കേണ്ടതിന്‍റെ ആവശ്യകത വര്‍ധിച്ചുവരുകയാണെന്നും അതിനായി വക്താക്കൾ ഉണ്ടായിരിക്കണമെന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.