മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും കേന്ദ്രസർക്കാരിനെയും ഒറ്റക്കെട്ടായി സമ്മർദത്തിലാക്കാൻ പ്രതിപക്ഷം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർ നീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യം ഇന്ന് യോഗം ചേരും. പതിനൊന്നുമണിക്ക് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, മമത ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങി 23 പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.
കോൺഗ്രസ് നിരന്തരമായി വോട്ട് കൊള്ള ആരോപിച്ചതിന്റെ ഫലമാണ് നിലവിലെ അന്തരീക്ഷമെന്നും എല്ലാവർക്കും കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും ഇന്നലെ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തന്നെ സംശയത്തോടെ കണ്ടവരെല്ലാം ഇപ്പോൾ പിന്തുണയ്ക്കുന്നുവെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകണമെന്നും യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ശക്തമായ പ്രതിഷേധവുമായി തെരുവിൽ തുടരണം എന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രവർത്തകർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. തുടർ പ്രതിഷേധ പരിപാടികൾ ഇoപിച്ച്മെന്റ് നോട്ടീസ്, സുപ്രീംകോടതിയെ സമീപിക്കൽ എന്നിവയിൽ ഇന്ന് ചേരുന്ന ഇന്ത്യാ സഖ്യം യോഗം തീരുമാനമെടുക്കും.
അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ടുള്ള ഒക്ടോബര്‍ രണ്ടിലെ പ്രതിഷേധവുമായി മുന്നോട്ടെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് പ്രതിഷേധം. വൈകിട്ട് നാലുമണിക്ക് എല്ലാവരും എത്തണമെന്ന് സിജെപി ദേശീയ കണ്‍വീനര്‍ അഭിജിത് ദീപ്കെ അഭ്യര്‍ഥിച്ചു. പ്രതിഷേധത്തിന് പൊലീസും ജില്ലാ മജിസ്ട്രേറ്റും അനുമതി നിഷേധിച്ചിട്ടുണ്ട്. അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടെന്ന് സിജെപി വ്യക്തമാക്കി.