terrorist-killed

ജമ്മു കശ്മീരിലെ ബഡ്ഗാമിൽ കൊടുംഭീകരനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ലഷ്കർ ഇ തൊയ്ബ ഭീകരന്‍ ഫൗസി മൂസയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സൈന്യത്തിന്റെ ഹിറ്റ്ലിസ്റ്റിലെ പ്രധാനിയാണ് ഇയാള്‍. മേഖലയിൽ ഇന്‍റലിജൻസ് വിവരത്തെ തുടർന്നു നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കരസേന പുറത്തുവിട്ടിട്ടില്ല. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന അറിയിച്ചു. പ്രദേശത്ത് നിന്ന് വൻതോതിൽ ആയുധശേഖരവും പിടിച്ചെടുത്തു. 

കൊറാഗ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സൈനികർ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധിച്ചത്. തുടർന്ന് സൈന്യം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ വെടിയുതിർക്കുകയായിരുന്നു. കരസേനയും ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മിൽ കടുത്ത വെടിവെപ്പ് ഉണ്ടായി.

ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ പ്രധാനികളെയാണ് സൈന്യം ഈ വർഷം വധിച്ചത്. ഈ മാസം മാത്രം അഞ്ചുപേരെ കൊലപ്പെടുത്തി. മൂസ, യാസിർ എന്നീ കൊടുംഭീകരരെ കശ്മീർ താഴ്വരയിലും മുസ്തഫ, സദ്ദാം എന്നിവരെ ജമ്മു മേഖലയിലുമാണ് വധിച്ചത്.  

ENGLISH SUMMARY:

Jammu Kashmir encounter saw the elimination of a top Lashkar-e-Taiba terrorist named Fauzi Musa by the Indian Army. This significant operation, based on intelligence, also resulted in the seizure of a large cache of weapons from the encounter site.