s-jaishankar

ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ എസ്.ജയ്ശങ്കര്‍

  • പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി സ്പോൺസർ ചെയ്യുന്ന ഭീകരവാദമെന്ന ഇന്ത്യയുടെ മുഖ്യ ആശങ്കയെ സഖ്യകക്ഷിയായ അമേരിക്ക വിലമതിക്കാതിരുന്നാൽ ഉഭയകക്ഷി ബന്ധം തകരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. യുഎന്‍ സമ്മേളനത്തിനുശേഷം ന്യൂയോര്‍ക്കില്‍ വച്ചുതന്നെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി തുറന്നടിച്ചത്. ഇതിനോട് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടെന്താകുമെന്ന് ഉറ്റുനോക്കി നയതന്ത്രലോകം.

ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയായ പാക് ഭീകരവാദം അമേരിക്ക കണ്ടില്ലെന്ന് നടിച്ചാല്‍ ഉഭയകക്ഷിബന്ധം മോശമാകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. പാക്കിസ്ഥാനും യുഎസും കൈകോര്‍ത്തുനീങ്ങുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്ക് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഭീകരവാദമാണ്. ഭീകരവാദം ദേശീയനയമായി സ്വീകരിച്ച ഒരു അയല്‍രാജ്യത്തിനുനിന്ന് ഇന്ത്യ പതിറ്റാണ്ടുകളായി നേരിട്ട തരത്തിലുള്ള ഭീകരാക്രമങ്ങള്‍ നേരിടേണ്ടിവന്ന രാജ്യങ്ങള്‍ വളരെ കുറവായിരിക്കുമെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര പൊതുസഭായോഗത്തിനുശേഷം ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

s-jaishankar-asia-society

ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍

‘ഞങ്ങൾക്ക് ഇത്രയേറെ പ്രാധാന്യമുള്ള ഒരു കാര്യത്തെക്കുറിച്ച് ഞങ്ങള്‍ പങ്കാളിയെന്ന് കരുതുന്ന രാജ്യത്തിന് വേണ്ടത്ര ധാരണയോ തിരിച്ചറിവോ സഹാനുഭൂതിയോ ഇല്ലെങ്കിൽ, അത് പ്രശ്നമാണ്. അതായത്, ഞങ്ങളുടെ പ്രധാനപ്പെട്ട ആശങ്കകളിലൊന്ന് ആ രാജ്യം പൂർണ്ണമായി ഉൾക്കൊള്ളുന്നില്ലെങ്കിൽ, തീർച്ചയായും അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കും,’ ജയ്ശങ്കര്‍ പറഞ്ഞു. Also Read: ‘ഭീകരരാജ്യമാണോ എന്നോടീ ചോദ്യം ചോദിക്കുന്നത്..?’ 

മുൻ അമേരിക്കൻ നയതന്ത്രജ്ഞന്‍ ഡാനിയൽ റസ്സൽ നിയന്ത്രിച്ച സംവാദത്തിൽ, ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ചും, വ്യാപാരം, താരിഫ് പ്രശ്നങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഈ ഘട്ടത്തില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നില്ലെന്ന സൂചനയാണ് ജയ്ശങ്കര്‍ നല്‍കിയത്. ‘കഴിഞ്ഞ ഒരുവര്‍ഷത്തെ കാര്യമെടുത്താല്‍ ലോകത്തെ ഭൂരിഭാഗം രാജ്യങ്ങൾക്കും യു.എസുമായുള്ള ബന്ധം പ്രയാസകരമായിരുന്നുവെന്ന് കാണാം. അതുകൊണ്ട് ഞങ്ങള്‍ക്ക് ആശ്വസിക്കാനാവില്ല. കാരണം അതൊരു യാഥാർത്ഥ്യമാണ്,’ ജയശങ്കർ പറഞ്ഞു. Read More: ‘ഭീകരര്‍ പാക്കിസ്ഥാനിലെങ്കില്‍ അവിടെ പോയി തീര്‍ക്കും...’

‘ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ യാഥാർത്ഥ്യബോധമുള്ളവരായിരിക്കണമല്ലോ. ഇപ്പോള്‍ ഉന്നയിച്ച ആശങ്കകളുടെയും പ്രശ്നങ്ങളുടെയും കാര്യത്തില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ ബന്ധം മെച്ചപ്പെടും.’ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയ്ക്ക് ഹാനികരമായ ഒട്ടേറെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. താരിഫ്, വ്യാപാരം, റഷ്യയിൽ നിന്ന് എണ്ണവാങ്ങല്‍, പാകിസ്ഥാനുമായുള്ള ട്രംപിന്‍റെ ഇടപാടുകള്‍ തുടങ്ങിയവയൊക്കെ ഇന്ത്യ-യു.എസ് ബന്ധത്തിൽ വിള്ളല്‍ വീഴ്ത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ ഇന്ത്യ–പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് യുഎന്നിലടക്കം അവകാശപ്പെട്ടിരുന്നു. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുമ്പോഴായിരുന്നു ഇത്.

പാക് ഭരണകൂടത്തെയും സേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെയും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്ന ട്രംപിന്‍റെ നിലപാടും ഇന്ത്യയില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് ഇറാന്‍ യുദ്ധത്തിലെ മധ്യസ്ഥതയുടെ പേരില്‍ പാക്കിസ്ഥാന്‍ പിന്‍വാതിലിലൂടെ നേടിയെടുക്കുന്ന യുഎസ് പിന്തുണയും സഹായങ്ങളും. ഇന്ത്യയുടെ നിലപാട് ശക്തമായ ഭാഷയില്‍ വിദേശകാര്യമന്ത്രി അമേരിക്കയില്‍ വച്ചുതന്നെ തുറന്നുപറഞ്ഞ സാഹചര്യത്തില്‍ ഇനി അമേരിക്കയുടെ പ്രതികരമാണ് ലോകം ഉറ്റുനോക്കുന്നത്.

Ignoring Cross-Border Terror Will Harm India-US Ties: S Jaishankar Warns Washington:

External Affairs Minister S. Jaishankar cautioned that India-US bilateral ties will suffer if Washington fails to understand and empathize with New Delhi's core concerns regarding cross-border terrorism emanating from Pakistan. Speaking at an Asia Society dialogue in New York moderated by Daniel Russel, Jaishankar highlighted how decades of state-sponsored terror against India must be acknowledged by its strategic partners. The friction comes against the backdrop of strained relations under the Trump administration over trade tariffs, Russian crude imports, and Washington's renewed bonhomie with Pakistan and Field Marshal Asim Munir. Jaishankar also dismissed external claims regarding third-party mediation in the post-Pahalgam conflicts, urging practical resolution on outstanding issues for future progress.