താലിബാനുമായുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാൻ സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ച അഫ്ഗാൻ മാധ്യമപ്രവർത്തകയ്ക്ക് നേരെ ഭീഷണിയുടെ സ്വരത്തിൽ ആംഗ്യം കാണിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. വിഷയം സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പാകിസ്ഥാന്‍റെ നിലപാടെന്താണ്? മുൻപ് സൗഹൃദത്തിലായിരുന്നപ്പോൾ ഇത് തിരുത്താൻ പാകിസ്ഥാൻ എന്തുകൊണ്ട് ശ്രമിച്ചില്ല? എന്നായിരുന്നു മാധ്യമപ്രവർത്തക ചോദിച്ചത്. പിന്നാലെ പ്രകോപിതനായ ഖ്വാജ ആസിഫ് ചോദ്യത്തിന് ഉത്തരം നൽകുന്നതിന് പകരം, ചോദ്യം തടസ്സപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവർത്തകയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാട്ടുകയായിരുന്നു. ‘ഇതുപോലെ വസ്ത്രം ധരിച്ച് അങ്ങോട്ട് (അഫ്ഗാനിസ്ഥാനിലേക്ക്) തിരികെ പോകരുത്, അവർ നിങ്ങളെ...’ എന്നു പറഞ്ഞതിന് ശേഷം കഴുത്തറുക്കുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. ഇതിനുശേഷം ഖ്വാജ ആസിഫും ഒപ്പമുണ്ടായിരുന്നവരും ഉറക്കെ ചിരിക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലേക്ക് തിരികെ പോയാൽ വധിക്കപ്പെടുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു ഖ്വാജ ആസിഫിന്‍റെ പെരുമാറ്റമെന്നും, ഏറെ ഗൗരവമുള്ള ഒരു ചോദ്യത്തോടുള്ള ഇത്തരമൊരു നിലപാട് തികച്ചും അപലപനീയമാണെന്നും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഒരു മുതിർന്ന മന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിന്ദ്യമായ പെരുമാറ്റമാണിതെന്നും നെറ്റിസണ്‍സ് വിമര്‍ശിക്കുന്നുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ പാകിസ്ഥാന്‍ ഡ്രോൺ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിക്കുകയും പാകിസ്ഥാന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.