പഞ്ചാബിലെ ലവ്‌ലി പ്രഫഷണൽ സര്‍വകലാശാല ക്യാംപസിൽ വന്‍ സംഘര്‍ഷം. ജലന്ധർ-ഫഗ്‌വാര ദേശീയപാത ഉപരോധത്തിനിടെ വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. അക്രമാസക്തരായ വിദ്യാർഥികൾ രണ്ടു പോലീസ് ജീപ്പുകളും ഒരു സ്കൂട്ടിയും അഗ്നിക്കിരയാക്കി. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ചാന്‍സിലറും ബിജെപി എംപിയുമായ അശോക് മിത്തലിന്റെ ഇടപെടല്‍ ഉണ്ടെന്നും കുറ്റവാളിയുടെ പേര് പരാമര്‍ശിക്കാതെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്ററര്‍ ചെയ്തതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

 

എൽപിയു ക്യാംപസിൽ ഇന്നലെയാണ് വിദ്യാര്‍ഥി പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. മൂന്ന് ദിവസം മുന്‍പ് ഗേള്‍സ് ഹോസ്റ്റല്‍ 3ല്‍ എത്തിയ ഇലക്ട്രീഷ്യന്‍ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ നടപടി ഉണ്ടാകാതിരുന്നതോടെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. ആയിരത്തോളം വിദ്യാർത്ഥികള്‍ പ്രതിഷേധ മാര്‍ച്ചിനിറങ്ങി. ഇതോടെ സംഘര്‍ഷത്തില്‍ കലാശിച്ചു. വിദ്യാർത്ഥികൾ അക്രമാസക്തരായി. ഇതിനിടെ പുറത്ത് നിന്നുള്ളവരും ക്യാംപസില്‍ കയറി. വലിയ കൊള്ളയും തീവെപ്പും നടന്നു.

 

സത്യം പുറത്ത് വരാതിരിക്കാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാര്‍ഡന്‍മാരെ മാറ്റി എന്നും ഹോസ്ററലില്‍ ഉള്ളവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപെടുകയുമാണെന്ന് 

വിദ്യാര്‍ഥികള്‍ പറയുന്നു.  ലക്ഷങ്ങള്‍ ഫീസ് വാങിയിട്ടും യാതൊരു സുരക്ഷയും ഇല്ലെന്നും പരാതി. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഒരു പരാതിയും പോലീസിന് ലഭിച്ചിട്ടില്ലെന്നും കപൂർത്തല സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് തൂറ പറഞ്ഞു. അതേസമയം, വിഷയത്തില്‍ മൗനം പാലിക്കുകയാണ് സര്‍വകലാശാല.