ചരിത്രപ്രസിദ്ധമായ ബാലാപൂർ ഗണേഷ് ലഡ്ഡു ഈ വർഷം വിറ്റുപോയത് റെക്കോർഡ് വിലക്ക്. ഗണേശോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഹൈദരാബാദിൽ നടന്ന ലേലത്തിൽ സമാ പ്രണീത് റെഡ്ഡി എന്നയാളാണ് 39 ലക്ഷം രൂപയ്ക്ക് ലഡ്ഡു സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4 ലക്ഷം രൂപ കൂടുതലാണിത്. 2025ല്‍ 35 ലക്ഷം രൂപയ്ക്കാണ് ബാലാപൂർ ഗണേഷ് ലഡ്ഡു വിറ്റുപോയത്.
1994ൽ വെറും 450 രൂപയ്ക്കാണ് ബാലാപൂർ ലഡ്ഡുവിന്റെ ലേലംവിളി ആരംഭിച്ചത്. എന്നാല്‍ നാള്‍ക്കുനാള്‍ ലഡ്ഡുവിന്‍റെ മൂല്യം വര്‍ധിക്കുകയാണ്. ഭക്തർക്കിടയിൽ ഈ പ്രസാദ ലഡ്ഡു സ്വന്തമാക്കുന്നത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.
നഗരത്തിലെ മറ്റ് ഗേറ്റഡ് കമ്മ്യൂണിറ്റികളിലും അപ്പാർട്ട്മെന്റുകളിലും ഇത്തവണയും വൻ തുകയ്ക്കുള്ള ലേലങ്ങളാണ് നടന്നത്. കീർത്തി റിച്ച്മണ്ട് വില്ലാസിൽ നടന്ന ലേലത്തിൽ 5 കിലോ വരുന്ന ഗണേഷ് ലഡ്ഡു 1.01 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക സാധാരണയായി ചാരിറ്റി പ്രവർത്തനങ്ങൾക്കും അടുത്ത വർഷത്തെ ഉത്സവ നടത്തിപ്പിനുമായാണ് വിനിയോഗിക്കുന്നത്. ഹൈദരാബാദിലെ ഗണേശോത്സവ ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ആവേശകരവുമായ ചടങ്ങുകളിലൊന്നാണ് ഈ ലേലം വിളി.