മൂന്നുനില കെട്ടിടത്തിന്‍റെ ലിഫ്റ്റിനും ചുമരിനും ഇടയില്‍ യുവാവ് കുടുങ്ങിയത് ഒന്നരമണിക്കൂര്‍. രണ്ടാം നിലയില്‍ ഇറങ്ങുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് നീങ്ങിയതോടെയാണ് യുവാവ് കുടുങ്ങിയത്. ഹൈദരാബാദിലെ മൂസാപേട്ടിലെ ആഞ്ജനേയ നഗറിലെ മൂന്നു നില കെട്ടിടത്തിലാണ് സംഭവം. മുരളിയെന്ന 40കാരനാണ് അപകടത്തില്‍പ്പെട്ടത്.
ഒരു കാൽ ലിഫ്റ്റിനുള്ളിലും മറ്റേത് രണ്ടാം നിലയിലെ ലാൻഡിംഗിലുമുള്ളപ്പോഴാണ് ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നത്. ഇതോടെ അയാളുടെ കാൽ ലിഫ്റ്റ് ഗ്രില്ലിനും ചുമരിനും ഇടയിൽ കുടുങ്ങി. ഗ്രൗണ്ട് ഫ്ലോറില്‍ നിന്നും ഭാര്യയ്ക്കൊപ്പമാണ് മുരളി ലിഫ്റ്റില്‍ കയറിയത്. മുരളി പുറത്തിറങ്ങുമ്പോൾ മുകളിൽ നിന്ന് ബട്ടൺ അമർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് മൂന്നാം നിലയിലേക്ക് നീങ്ങിയതായാണ് വിവരം. ഇതോടെ മുരളി രണ്ടും മൂന്നും നിലകൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായി.
അദ്ദേഹത്തിന്റെ ഭാര്യ ബഹളം വെച്ചതിനെ തുടർന്ന് ആള്‍ക്കാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലിഫ്റ്റിന്‍റെ ഒരു ഭാഗം തുറന്ന് ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷമാണ് മുരളിയെ പുറത്തെടുത്തത്. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുരളിക്ക് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്.