Image Credit: X/amjedmbt

Image Credit: X/amjedmbt

TOPICS COVERED

അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിവിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഹൈദരാബാദ് സന്തോഷ്‌നഗർ സ്വദേശി മുഹമ്മദ് ജാബെർ ഹുസൈനെ (27)യാണ് മസാച്യുസെറ്റ്സിലെ ലോവലിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് 17 ദിവസം പിന്നിടുന്നതിനിടെയാണ് യുവാവിന്‍റെ മരണം.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ജാബെർ ഹൈദരാബാദിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം വൈകുന്നേരം 5.15ഓടെ ഉറക്കത്തിനിടെ ജാബെർ മരിച്ചതായി റൂംമേറ്റ് വീട്ടുകാരെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ജാബെറിന് കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും മറ്റ് മെഡിക്കൽ പരിശോധനാ ഫലങ്ങൾക്കുമായി കുടുംബം കാത്തിരിക്കുകയാണ്.

ജാബെറിന്‍റെ പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ പറയുന്നതനുസരിച്ച് ഓഗസ്റ്റ് 28നാണ് ടെക്സസിൽ വച്ച് ജാബെർ വിവാഹിതനായത്. വിവാഹശേഷം മസാച്യുസെറ്റ്സിലേക്ക് മടങ്ങുകയായിരുന്നു. ഭാര്യ ജാബെറിനൊപ്പം മസാച്യുസെറ്റ്സിലേക്ക് തിരിച്ചെത്തിയിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായതിനാൽ ജാബെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കുടുംബം പറയുന്നു. മൃതദേഹം എത്രയും വേഗം ഹൈദരാബാദിലെത്തിക്കുന്നതിന് സഹായം തേടി കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയുമായോ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറലുമായോ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ അഭ്യർഥന.

2021ലാണ് ഉന്നതപഠനത്തിനായി ജാബെർ അമേരിക്കയിലെത്തിയത്. മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ശേഷം ലോവലിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

ENGLISH SUMMARY:

A 27-year-old Indian civil engineer from Hyderabad, Mohammed Jaber Hussain, was found dead under mysterious circumstances at his residence in Lowell, Massachusetts. The tragic incident occurred just 17 days after his wedding, which took place in Texas on August 28. Although he had spoken normally to his mother earlier in the morning, his roommate informed the family hours later that he had passed away in his sleep. Facing severe financial constraints, the grieving family has appealed to External Affairs Minister S. Jaishankar for urgent assistance to repatriate his mortal remains to India.