SupremeCourtnew

TOPICS COVERED

ദേശീയഗീതമായ വന്ദേമാതരം പൂര്‍ണമായി ആലപിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമോ?  സുപ്രീം കോടതി  ഇക്കാര്യത്തില്‍ പ്രസക്തമായ നിരീക്ഷണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയത്.  മതപരമായ കാരണങ്ങളാല്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കാതിരിക്കുന്നവര്‍ക്കെതിരെ നടപടികളുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കോടതിയുടെ നിരീക്ഷണം.  വന്ദേമാതരത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരിനൊടുവില്‍ പരമോന്നത കോടതിയുടെ നിരീക്ഷണങ്ങളും ചര്‍ച്ചയാവുകയാണ്.  

കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയാണ് വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ദേശീയ ഗാനത്തിനും ദേശീയ ചിഹ്ന്നങ്ങള്‍ക്കും നിയമ പരിരക്ഷ നല്‍കുന്ന നിയമം (Prevention of Insults to National Honour Act, 1971) ദേശീയ ഗീതത്തിനും ബാധമാക്കിയ ഭേദഗതി ചോദ്യംചെയ്താണ് ഹര്‍ജി. കേന്ദ്ര സര്‍ക്കാരിന്‍റെ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുതയും ഔദ്യോഗിക ചടങ്ങുകളിൽ ഗാനത്തിന്റെ ആറ് ചരണങ്ങളും  പൂർണ്ണമായി പാടണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശവും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഏതാണ് "ദേശീയ ഗീതം" എന്ന് തീരുമാനിക്കുന്നത് കോടതിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. എങ്കിലും മനഃസാക്ഷിയുടെ അടിസ്ഥാനത്തിൽ ഗാനം പാടാതിരിക്കാനുള്ള ഒരാളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കും, മതപരമായ കാരണങ്ങളാൽ ഗാനം പാടാത്ത വ്യക്തിക്കെതിരെ ക്രിമിനൽ നടപടികൾ ഉണ്ടാകില്ലെന്നും ബെഞ്ച് പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ച സ്കൂൾ വിദ്യാർത്ഥികൾക്കെതിരായ നടപടി തടഞ്ഞ 1986-ലെ 'ബിജോ ഇമ്മാനുവൽ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' കേസിലെ സുപ്രീം കോടതി വിധി ഹർജിയില്‍ എടുത്തു പറഞ്ഞിരുന്നു. ഹിന്ദു ദേവതകളെ സ്തുതിക്കുന്ന വരികൾ ചൊല്ലാൻ നിർബന്ധിക്കപ്പെടുന്നത് ഈ കേസിലെ വിധി പ്രകാരം തെറ്റാണെന്ന് ടി.എം.കൃഷ്ണ വാദിച്ചു.  

മനഃസാക്ഷിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം, ഇല്ലെങ്കില്‍ ഭരണഘടന അവകാശങ്ങളുടെ ലംഘനമാകുമെന്നും ഹർജിയിൽ വാദിച്ചു. ഈ വാദം പ്രാഥമികമായി ശരിവച്ചാണ് സുപ്രീം കോടതി 'ബിജോയ് ഇമ്മാനുവൽ' കേസിലെ കീഴ്​വഴക്കം പാലിക്കപ്പെടുമെന്നും ക്രിമിനൽ നടപടികൾ ഉണ്ടാകില്ലെന്നും പ്രത്യാശ പ്രകടിപ്പിച്ചത്.  

വന്ദേമാതരത്തിലെ ആറ് ചരണങ്ങളില്‍  അവസാനത്തെ നാലെണ്ണത്തെയാണ് ഹര്‍ജിയില്‍ പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഈ വരികളിൽ ദുർഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങിയ ഹിന്ദു ദേവതകളെക്കുറിച്ചുള്ള വ്യക്തമായ പരാമർശങ്ങളുണ്ടെന്നും അവ പാടാൻ പൗരന്മാരെ നിർബന്ധിക്കുന്നത് ഭരണഘടനയുടെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് വാദം.  മതപരവും ആശയപരവുമായ കാര്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിക്കുന്നതിന് തുല്യമാണിതെന്നും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതേതരത്വത്തിന് വിരുദ്ധമാണെന്നും ടി.എം.കൃഷ്ണ വാദിച്ചു.  

രൂക്ഷമായ വാദപ്രതിവാദം

പുതിയ നിയമ ഭേദഗതിയിൽ "ദേശീയ ഗാനം" എന്നത് എന്താണെന്ന് നിർവചിച്ചിട്ടില്ലെന്നും, ഈ അവ്യക്തത ദുരുപയോഗത്തിന് വഴിയൊരുക്കാമെന്നും ടി.എം.കൃഷ്ണയ്ക്കുവേണ്ടി  ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ വാദിച്ചു.  ദേശീയതലത്തിൽ സമവായമുണ്ടാക്കാതെയാണ് എല്ലാ വരികളും പാടണമെന്ന ഭേദഗതി ധൃതിപിടിച്ച് പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വ ചിന്താഗതി ഇത്രയും സങ്കുചിതമാകാന്‍ പാടില്ല എന്നായിരുന്നു ഹർജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം.  ''നക്സലൈറ്റുകളുടെ ആശയങ്ങൾക്കനുസരിച്ചാകരുത് നിയമനിർമ്മാണം" എന്നും സോളിസിറ്റർ പറഞ്ഞു.  "നക്സലൈറ്റ്" എന്ന പരാമർശത്തെ മുരളീധർ ശക്തമായി എതിർത്തതോടെ രൂക്ഷമായ വാക്പോരിനാണ് കോടതി വേദിയായത്. അഭിഭാഷകര്‍ക്ക് ചേർന്നതല്ല ഇത്തരം പരാമർശമെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമനിർമ്മാണ പ്രക്രിയയെ മാനിക്കാത്തവരെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്ന് പറഞ്ഞ സോളിസിറ്റർ പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല.

അമേരിക്കയെ ക്രിയാത്മകമായ മതേതരത്വത്തിന്റെ മാതൃകയായി  കണക്കാക്കുമ്പോഴും, അവരുടെ ദേശീയ ഗാനത്തിൽ 'ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു' (In God We Trust)എന്ന വരികൾ ഉപയോഗിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി.   

വിഷയം "സെൻസേഷണലൈസ്" ചെയ്യാൻ ഇടയാകുമെന്നതിനാൽ ഹർജിയിൽ നോട്ടീസ് അയക്കരുതെന്നും സോളിസിറ്റർ കോടതിയോട് അഭ്യർത്ഥിച്ചു, പകരം ഹർജിയുടെ പകർപ്പ് തനിക്ക് നേരിട്ട് നൽകാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.  കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ''നോട്ടീസ് അയക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, 'ബിജോയ് ഇമ്മാനുവൽ' കേസിലെ വിധി ഈ വിഷയത്തിലും ബാധകമായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഏതാണ് ദേശീയ ഗീതം എന്നതിൽ തർക്കമില്ല.  ദേശീയ ഗീതം ഏതാണെന്നും, അതില്‍ രണ്ട് ചരണമാണോ നാല് ചരണമാണോ എന്നതും തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാൽ സ്വന്തം മനഃസാക്ഷി പ്രകാരം ഒന്നോ അതിലധികമോ ചരണങ്ങളോ മുഴുവനോ പാടാതിരിക്കുന്നവരെ നടപടികള്‍ക്ക് വിധേയരാക്കരുത്.''  ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി നല്‍കാനാവശ്യപ്പെട്ട കോടതി മറുപടി ലഭിച്ച ശേഷം എന്ത് ഉത്തരവ് പുറപ്പെടുവിക്കും എന്നതാണ് ഇനി നിര്‍ണായകം.   

ENGLISH SUMMARY:

The Supreme Court of India has observed that individuals should not face criminal action if they abstain from singing all stanzas of the national song Vande Mataram due to personal conscience or religious beliefs. A three-judge bench led by Chief Justice Surya Kant made these remarks while hearing a petition filed by Carnatic musician T.M. Krishna challenging central directives making the singing of all six stanzas mandatory. Citing the landmark 1986 'Bijoe Emmanuel v. State of Kerala' precedent, the court noted that while defining the national song rests with the government, freedom of conscience must be protected. The proceedings also witnessed sharp exchanges between Solicitor General Tushar Mehta and senior advocate S. Muralidhar over the secular structure of the nation and the wording of the legislation.