മലങ്കര കത്തോലിക്ക സഭയുടെ 96–ാമത് പുനരൈക്യ വാര്‍ഷികാഘോഷം ചെന്നൈയില്‍ നടന്നു. കാരുണ്യവര്‍ഷമായാണ് പുതിയ വര്‍ഷം ആചരിക്കുന്നത്. പാവപ്പെട്ട കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സഹായം ഉറപ്പാക്കുമെന്ന് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.
ചെന്നൈ മൊഗപ്പയറിലെ മാര്‍ ഗ്രിഗോറിയസ് കോളജ് ക്യാംപസിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് . മൂന്ന് ദിവസത്തെ ആഘോഷങ്ങളുടെ സമാപന ദിവസത്തില്‍ രാവിലെ മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് വേണ്ടി വച്ച് നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. ക്ലീമീസ് ബാവായുടെ 25–ാം മെത്രാഭിഷേകത്തോടനുബന്ധിച്ച് ലഭിച്ച 10 ലക്ഷം രൂപ ആന്ധ്രയിലെ കുട്ടികളുടെ പഠനാവശ്യത്തിന് കൈമാറി.
തമിഴ്‌നാട് സ്‌പീക്കര്‍ ജെ.സി.ഡി പ്രഭാകര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും അടക്കം മൂവായിരത്തോളം പേര്‍ പങ്കെടുത്തു