kosappetta

TOPICS COVERED

വിനായക ചതുര്‍ഥി ദിനത്തിനായി കാത്തിരിക്കുന്ന ഒരു തെരുവുണ്ട് ചെന്നൈയില്‍. വിഗ്രഹ നിര്‍മാണം ഉപജീവനമാക്കിയ കൊസപ്പേട്ടിലെ ഒരുപറ്റം മനുഷ്യരുടെ ജീവിതത്തിന് ഈ ഉല്‍സവ നാളുകളാണ് ജീവന്‍ നല്‍കുന്നത്. കൊസപ്പേട്ടിലെ തെരുവുകളില്‍ കൂറ്റന്‍ വിനായക ശില്‍പങ്ങള്‍ നിരത്തുകള്‍ കയ്യടക്കി കഴിഞ്ഞു.

വിനായക ചതുര്‍ഥി ആഘോഷത്തിനായുള്ള വിഗ്രഹങ്ങളാണ് ഈ കുടിലുകളില്‍ ഒരുങ്ങുന്നത്. കളിമണ്ണും വെള്ളവും കുഴച്ച് കുഞ്ഞ് ഗണപതി വിഗ്രഹങ്ങള്‍ നിര്‍മിക്കുമ്പോള്‍ സ്വന്തം ജീവിതം കൂടിയാണിവര്‍ അച്ചില്‍ വാര്‍ത്തെടുക്കുന്നത്.  ഒരു വിഗ്രഹം നിര്‍മിച്ചാല്‍ തുച്ഛമായ തുകയാണ് കിട്ടുക, ഈ ചെറിയ ലാഭമാണ് ഇവരുടെ ജീവനോപാധി. പതിറ്റാണ്ടുകളായി വിഗ്രഹം നിര്‍മിക്കുന്ന ആളാണ്  70 കാരന്‍ സംബന്ധമൂര്‍ത്തി. വലിയ ലാഭം കിട്ടുന്നില്ലെങ്കിലും കുലത്തൊഴിലായതിനാല്‍ ചെയ്യുകയാണെന്ന് മൂര്‍ത്തി പറയുന്നു.

അരയടി, ഒരടി തുടങ്ങി ചെറിയ ഗണപതി വിഗ്രഹങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. വിഗ്രഹങ്ങള്‍ പൂര്‍ത്തിയായല്‍ അടുത്തുള്ള കുടിലുകളിലുള്ളവരുടെ ജോലിയാണ് ചിത്രപ്പണിയും ചായംതേപ്പും. വിഗ്രഹങ്ങള്‍ക്ക് നിറം പകര്‍ന്ന് മനോഹരമാക്കിയാല്‍ പിന്നെ തെരുവിലെ വില്‍പന തട്ടുകളിലേക്ക് മാറ്റും.

അരയടി മുതല്‍ 5 അടി വരെയുള്ള വിനായക വിഗ്രഹങ്ങളാണ് ഉള്ളത്. ഭീമന്‍ ശില്‍പങ്ങള്‍ കാഞ്ചീപുരത്തേ നിന്നും തിരുവള്ളൂരില്‍ നിന്നും ഇവിടേക്ക് വില്‍പനയ്ക്ക് കൊണ്ടുവരുന്നവയാണ്. വലിയ വിഗ്രഹങ്ങള്‍ക്ക്  2500 രൂപ മുതല്‍ മുകളിലേക്കാണ് നിരക്ക്. പൊടിയും വെയിലും കൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ പുതച്ചാണ് കൂറ്റന്‍ വിഗ്രഹങ്ങള്‍ റോഡരികില്‍ നില്‍ക്കുന്നത്.

ENGLISH SUMMARY:

Vinayaka Chaturthi is eagerly awaited by a street in Chennai where artisans craft Ganesh idols as their livelihood. These festival days bring life to the people of Kosapet who depend on idol making for their sustenance.