ring-vijay

Ai Generated Image

തമിഴ്നാട്ടില്‍ വിജയ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'തായ്മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു. സെപ്തംബര്‍ 15ന് നടത്താനിരുന്ന സംസ്ഥാനതല ചടങ്ങാണ് മാറ്റിയത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്  ലണ്ടനില്‍  പോകുന്നതിന്‍റെ ഭാ​ഗമായാണ് തീയതി മാറ്റിയത്. സർക്കാർ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്നതാണ് തായ്‌മാമൻ തങ്കമോതിരം പദ്ധതി. സർക്കാർ ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി  വിജയ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര കാരണമാണ് പദ്ധതിക്ക് കാലതാമസം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.ജി അരുൺരാജ് അറിയിച്ചു. സ്വര്‍ണത്തിന്‍റെ ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും 916 ഹോൾമാർക്കുള്ള സ്വർണം മാത്രമേ നല്‍കുകയുളളു എന്നും മന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയുടെ ജന്മവാ‍ർഷിക ദിനമായ സെപ്റ്റംബർ 15ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കാനായിരുന്നു സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിന്‍റെ  ഭാഗമായി ലണ്ടനിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നീട്ടിയത്.

ബുധനാഴ്ച രാത്രി ചെന്നൈയിൽ നിന്ന് ദുബായ് വഴി മുഖ്യമന്ത്രി വിജയ് ലണ്ടനിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിദേശ സന്ദര്‍ശനത്തില്‍ തമിഴ്‌നാട്ടിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി യൂറോപ്യൻ കമ്പനികളെ ക്ഷണിക്കുകയും സംസ്ഥാനത്തേക്ക് പുതിയ നിക്ഷേപ വാഗ്ദാനങ്ങൾ തേടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായ, ധനകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ലണ്ടനിലേക്ക് തിരിക്കും.

 

ENGLISH SUMMARY:

Thaimaman Thanga Mothiram scheme, announced by Tamil Nadu Chief Minister Joseph Vijay, has been postponed from its original September 15 inauguration date. This delay is due to the Chief Minister's official visit to London to attract European investments.