Image Credit : Instagram
മലയാളികളുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാനെത്തി നടി ലിസി. കൊച്ചിന്‍ ഫനീഫയുടെ പുതിയ വീടായ 'കൊച്ചിൻ ഹനീഫാസ് എ ബി മൻസിലി'ലെത്തിയാണ് ലിസി കുടുംബത്തെ സന്ദര്‍ശിച്ചത്. ഫനീഫയുടെ ഭാര്യ ഫാസിലയുടെ സഹോദരൻ ഫിറോസാണ് ലിസി എത്തിയതിന്‍റെ വിശേഷങ്ങള്‍ സൈബറിടത്ത് പങ്കുവച്ചത്. 'ചില ബന്ധങ്ങൾ അങ്ങനെയാണ്..' എന്ന കുറിപ്പോടെയുളള ഹൃദ്യമായ വിഡിയോയ്ക്ക് നിറഞ്ഞ കയ്യടിയാണ് സൈബറിടത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫിറോസ് പങ്കുവച്ച കുറിപ്പ്
'ചില ബന്ധങ്ങൾ അങ്ങനെയാണ്..കൊച്ചിൻ ഹനീഫിക്കയുടെ എബി മൻസിലിലേക്ക് ലിസി എത്തിയപ്പോൾ, അത് വെറുമൊരു സന്ദർശനമായിരുന്നില്ല. വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു സ്നേഹബന്ധത്തിന്റെ വരവായിരുന്നു' ഫിറോസ് കുറിച്ചു. സിനിമയിലും ജീവിതത്തിലും ഫനീഫിക്ക ഒരുപോലെ സ്നേഹിച്ച വ്യക്തികളിലൊരാളായിരുന്നു ലിസി എന്ന് ഫിറോസ് പറയുന്നു. ഫനീഫയുടെ അവസാന നാളുകളില്‍ കുടുംബത്തോടൊപ്പം നിന്ന് ഫനീഫിക്കാക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ലിസിയെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ലിസി പറഞ്ഞ ഒരു വാക്കാണ് തന്നെ ഏറ്റവുമധികം സ്പര്‍ശിച്ചതെന്ന് ഫിറോസ് പറയുന്നു. ഫനീഫിക്ക എനിക്ക് വേണ്ടി ചെയ്തതിന്‍റെ ഒരു ശതമാനം പോലും ചെയ്യാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ലിസി പറഞ്ഞെന്ന് ഫിറോസ് പറയുന്നു. അതാണ് യഥാര്‍ഥ സ്നേഹം, കണക്കുകളില്ലാത്ത ബന്ധമെന്നും ഫിറോസ് വ്യക്തമാക്കി.
വെണ്ണലയിലെ അംബേദ്കർ റോഡിലുള്ള ഹനീഫയുടെ പുതിയ വീട്ടിലെത്തിയ ലിസി കുടുംബത്തോടൊപ്പം അല്‍പം സമയം ചെലവിട്ട് ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. കൊച്ചിന്‍ ഫനീഫയുടെ വേര്‍പാടിന് ശേഷം രണ്ട് പെൺകുട്ടികളെയും തനിച്ചു വളർത്തിയ ഫാസിലയെ ചേർത്തുപിടിച്ച് ലിസി അഭിനന്ദിച്ചു. പ്രയാസകരമായ ഘട്ടങ്ങളിൽ കുടുംബത്തിന് പൂർണ പിന്തുണയുമായി ഒപ്പം നിന്ന ഫിറോസിനും ലിസി നന്ദി അറിയിച്ചു.