Image: facebook.com/OldMonk.kz/
ഇന്ത്യയിലെ ജനപ്രിയ മദ്യ ബ്രാൻഡുകളിലൊന്നായ 'ഒൾഡ് മങ്ക്' ഇനിമേൽ ‘റം’ എന്ന പേരിൽ വിൽക്കാൻ കഴിയില്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) ബോംബെ ഹൈക്കോടതിയില്‍. ന്യൂട്രൽ സ്പിരിറ്റും കൃത്രിമമായി ചേർത്ത റം ഫ്ലേവറും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണമെന്നും, അതിനാൽ ഇതിനെ 'റം' എന്നതിന് പകരം 'റം ഫ്ലേവേർഡ് സ്പിരിറ്റ്' (Rum-flavoured spirit) എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ എന്നും എഫ്.എസ്.എസ്.എ.ഐ കോടതിയെ അറിയിച്ചു. ഓൾഡ് മങ്കിന്റെ നിർമ്മാതാക്കളായ മോഹൻ മീക്കിൻ സമർപ്പിച്ച ഹർജിയിലാണ് അതോറിറ്റി നിലപാട് വ്യക്തമാക്കിയത്.
കരിമ്പിന്‍ ജ്യൂസോ അല്ലെങ്കിൽ പഞ്ചസാര നിർമ്മാണ പ്രക്രിയയിലെ അവശിഷ്ടമായ മൊളാസസ് (Molasses) ഉപയോഗിച്ചോ ആണ് റം ഉണ്ടാക്കുന്നത്. ഇവ പുളിപ്പിച്ച് പാകപ്പെടുത്തി എടുക്കുന്നതിന് പകരം ന്യൂട്രൽ സ്പിരിറ്റിലേക്ക് റമ്മിന്റെ ഫ്ലേവറുകൾ ചേർത്താണ് 'ഒൾഡ് മങ്ക്' തയ്യാറാക്കുന്നത്. ഓള്‍ഡ് മങ്കില്‍ അടങ്ങിയിരിക്കുന്ന റം ആകട്ടെ 5 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി 95 ശതമാനവും ന്യൂട്രൽ സ്പിരിറ്റാണ്. അതിനാല്‍ ഇത് ഉപഭോക്താക്കളെ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി കോടതിയെ അറിയിച്ചു. മാത്രമല്ല, ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം കുപ്പിയുടെ ലേബലിൽ ഉപഭോക്താക്കൾക്ക് വായിക്കാൻ കഴിയാത്ത വിധം ചെറിയ അക്ഷരങ്ങളിലാണ് കൊടുത്തിരിക്കുന്നതെന്നും എഫ്എസ്എസ്എഐ കോടതിയില്‍ പറഞ്ഞു.
സാധാരണ ഗതിയിൽ റമ്മിന് അതിന്റെ സ്വാഭാവികമായ മണവും രുചിയും ലഭിക്കുന്നത് അതിന്റെ പഴക്കത്തിൽ നിന്നാണ്. കൃത്രിമ ഫ്ലേവറുകൾ ഉപയോഗിച്ചാല്‍ ഈ സ്വാഭാവിക രുചി ഉണ്ടാകില്ലെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഒരു ഉൽപ്പന്നം യഥാർത്ഥ റം അല്ലെങ്കിൽ അതിനെ 'റം' എന്ന പേരിൽ വിൽക്കാൻ അനുവദിക്കാനാകില്ലെന്നും വേണമെങ്കിൽ 'റം ഫ്ലേവേർഡ് സ്പിരിറ്റ്' എന്ന് ലേബൽ ചെയ്യാമെന്നും എഫ്എസ്എസ്എഐ കോടതിയിൽ വ്യക്തമാക്കി.
ഓള്‍ഡ് മങ്കിന്‍റെ കുപ്പികളിൽ ഏഴ് വർഷം പഴക്കമുള്ളത് (7 Years Old Blended) എന്ന് എഴുതിയിരിക്കുന്നത് സാധാരണ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ഈ വാചകം കാണുമ്പോൾ കുപ്പിയിലെ മദ്യം ഏഴ് വർഷം പഴക്കമുള്ളതാണെന്ന് ജനങ്ങൾ കരുതുമെന്ന് കോടതി പറഞ്ഞു. കുപ്പിയിൽ ചേർത്ത ഫ്ലേവറുകളെ കുറിച്ച് എഴുതിയിരിക്കുന്നത് വളരെ ചെറിയ അക്ഷരങ്ങളിലാണെന്നും ഭൂതക്കണ്ണാടി ഉപയോഗിച്ചു നോക്കിയിട്ടുപോലും തനിക്ക് അത് കാണാനാകുന്നില്ലെന്നും കോടതിയും കമ്പനിയെ വിമര്‍ശിച്ചു. ഇതോടെ എഫ്എസ്എസ്എഐ പുറപ്പെടുവിച്ച നിരോധന ഉത്തരവിന് ഉടനടി സ്റ്റേ അനുവദിക്കാനാകില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
ലബോറട്ടറി പരിശോധനകളിൽ കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്.എസ്.എസ്.എ.ഐ മഹാരാഷ്ട്രയിൽ ഓള്‍ഡ് മങ്കിന്‍റെ വിൽപ്പന തടയുകയും നടപടി ശക്തമാക്കുകയും ചെയ്തത്. പിന്നാലെ ദിവസേന ഒരു കോടി രൂപയോളം നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽ കേസ് പരിഗണിക്കവേ കുപ്പിയിൽ നിന്ന് '7 Years Old Blended' എന്ന വാചകം ഒഴിവാക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാത്രമല്ല. കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിട്ടുണ്ടെന്ന വിവരത്തിന്റെ അക്ഷരങ്ങളുടെ വലിപ്പം കൂട്ടാമെന്ന് സമ്മതിച്ചു. പരിഷ്കരിച്ച പുതിയ ലേബലിന്റെ മാതൃകയും കോടതിയിൽ സമർപ്പിച്ചു.
പുതിയ ലേബലുകൾ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ കോടതി എഫ്എസ്എസ്എഐക്ക് സമയം അനുവദിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ, ജസ്റ്റിസ് ഗൗതം എ. അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെപ്റ്റംബർ 11-ന് കേസ് വീണ്ടും പരിഗണിക്കും. ഒൾഡ് മങ്കിന് പുറമെ മക്ഡൊവൽസ് No. 1, ബാഗ്‌പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾക്കെതിരെയും സമാനമായ ലേബലിങ് ക്രമക്കേടുകൾക്ക് എഫ്.എസ്.എസ്.എ.ഐ നടപടി സ്വീകരിച്ചിട്ടുണ്ട്.