blinkit

TOPICS COVERED

ബ്ലിങ്കിറ്റ് വഴി ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ മുട്ടയ്ക്കുള്ളിൽ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. പരാതിയെ തുടർന്ന് കർണാടകയിലെ മംഗളൂരുവിലുള്ള കമ്പനിയുടെ ഗോഡൗണിൽ ഫുഡ് സേഫ്റ്റി അധികൃതർ പരിശോധന നടത്തി. ഡെലിവറി ചെയ്ത മുട്ടകളിൽ ചിലത് പൊട്ടിയ നിലയിലാണെന്നും അതിലൊന്നിനുള്ളിൽ പുഴുവിനെ കണ്ടെന്നും കാണിച്ച് ഉപഭോക്താവ് കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിന് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് നടപടി. 

പരാതിയുടെ അടിസ്ഥാനത്തിൽ നഗരത്തിലെ ഫാൽനിർ സ്ക്വയർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും പൊട്ടിയ മുട്ടകൾ അടങ്ങിയ പാക്കറ്റുകൾ വിൽപ്പനയിൽ നിന്ന് ഒഴിവാക്കാനും നശിപ്പിച്ചു കളയാനും ജീവനക്കാർക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി സ്ഥാപനത്തിലെ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറി അധികൃതർ താൽക്കാലികമായി സീൽ ചെയ്യുകയും ചെയ്തു. 

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സ്ഥാപനത്തിന് നോട്ടിസ് അയക്കുമെന്നും മാനേജ്‌മെന്റിന്റെ മറുപടിയും പരിശോധനാ ഫലങ്ങളും വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെട്ടെന്ന് സാധനങ്ങൾ എത്തിച്ചുനൽകുന്ന ക്വിക്ക് കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്.

ENGLISH SUMMARY:

Blinkit eggs were found to contain larvae, leading to a food safety inspection. The incident has raised concerns about food safety standards on quick commerce platforms.