ഉത്തരാഖണ്ഡിലെ ശുദ്ധികലശത്തിൽ നടപടി ആവശ്യപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഹൽദ്വാനി പോലീസ്. ഡൽഹിയിലെ വാർത്താ സമ്മേളനം ദലിത് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടി ഭീരുത്വമെന്നും ഭരണഘടനയ്ക്കും ദലിത് വിഭാഗങ്ങൾക്കും എതിരായ ആർ.എസ്.എസ് മനോഭാവമാണ് വ്യക്തമാകുന്നതെന്നും കെ സി വേണുഗോപാൽ അടക്കുള്ള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ഇന്ന് വൈകിട്ട് ഡിസിസികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് എഐസിസി ആഹ്വാനം ചെയ്തു.
ആഗസ്റ്റ് 8ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലി നടത്തിയതിന് പിന്നാലെയാണ് ശ്രീരാം സേന രാംലീല മൈതാനം ശുദ്ധീകരിച്ചത്. നീക്കം തൊട്ടുകൂടായ്മയ്ക്ക് സമം എന്നും എസ് സി - എസ് ടി നിയമപ്രകാരം കേസെടുക്കണം എന്നുമായിരുന്നു ബിജെപിയെയും ആർഎസ്എസിനെയും അതിരൂക്ഷമായി വിമർശിച്ച രാഹുൽഗാന്ധിയുടെ ആവശ്യം. തൊട്ടു പിന്നാലെ തന്നെ ഹൽദ്വാനി സിറ്റി പൊലീസ് കേസ് എടുത്തെങ്കിലും കേസ് രാഹുൽ ഗാന്ധിക്ക് എതിരെയായിരുന്നു. ഡൽഹിയിലെ വാർത്താ സമ്മേളനത്തിലെ ജാതി പരാമർശങ്ങൾ ദലിത് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാണ് വിശദീകരണം.
വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ എന്നിവയ്ക്കൊപ്പം എസ്.സി - എസ്.ടി നിയമത്തിലെ മൂന്നാം വകുപ്പും ചുമത്തിയാണ് എഫ്.ഐ.ആർ. ശ്രീരാം സേന അംഗവും വാൽമീകി വിഭാഗക്കാരനുമായ അമിത് കുമാറാണ് പരാതിക്കാരൻ. ശുദ്ധികലശത്തിൽ പങ്കെടുത്തിരുന്നുവെന്നും, അതിന് പ്രത്യേക ജാതിയുമായി ബന്ധമില്ലെന്നുമാണ് പരാതിക്കാരന്റെ വാദം. നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് കോൺഗ്രസ് . എഫ്.ഐ.ആറുകൾ കൊണ്ടോ അധികാര സമ്മർദ്ദം കൊണ്ടോ രാഹുൽ ഗാന്ധി ഭയപ്പെടുത്താനാകില്ലെന്നും, യഥാർത്ഥ കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. പാർട്ടിക്ക് ശുദ്ധികലശവുമായി ബന്ധമില്ലെന്നും തെറ്റായ മുദ്രാവാക്യം ഉയർന്നതിനാലായിരുന്നു നീക്കം എന്നുമാണ് BJP ന്യായീകരണം.