മുംബൈയിലെ ബാന്ദ്ര വെസ്റ്റിൽ ആഡംബര എസ്‌യുവി ഇടിച്ച് തെറിപ്പിച്ച എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ജോൺ ബാപ്റ്റിസ്റ്റ് റോഡിൽ ജിജാമാതാ ഗാർഡന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന അൻഷ് രവീന്ദ്ര ഗുപ്തയാണ് മരിച്ചത്. സംഭവത്തിൽ എസ്‌യുവി ഓടിച്ചിരുന്ന ന്യൂട്രീഷ്യനിസ്റ്റും വ്യവസായിയുമായ മേഘ രാവൽ (45)നെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. മേഘ രാവൽ അമിതവേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നും ഇതിനിടെ ഫോണിൽ സംസാരിച്ചിരുന്നതായും ദൃക്‌സാക്ഷികളും പൊലീസും വ്യക്തമാക്കി. റോഡ് മുറിച്ചുകടക്കുകയായിരുന്ന കുട്ടിയെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി വാഹനത്തിനടിയിൽപ്പെടുകയും വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പ്രദേശവാസികളും മേഘ രാവലും ചേർന്ന് അതേ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ മേഘ രാവലിനെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടസമയത്തെ ഫോൺ സംഭാഷണ വിവരങ്ങളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.