Image Credit : Twitter

പത്താം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച നവവധുവിന് അത്ഭുത രക്ഷ. മുംബൈയിലെ ഭാണ്ടൂപിലാണ് സംഭവം നടന്നത്. ഭർത്താവുമായുളള വാക്കുതർക്കത്തെ തുടര്‍ന്നാണ് യുവതി ഫ്ലാറ്റിന്‍റെ 10ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാൽ ഫ്ലാറ്റിന്‍റെ സമീപത്ത് നിന്നിരുന്ന മരത്തിന്റെ കൊമ്പുകളിൽ യുവതി കുടുങ്ങിയതോടെ താഴെ വീഴാതെ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേനയെത്തിയാണ് നിസാരപരുക്കുകളോടെ മരച്ചില്ലയില്‍ കുടുങ്ങിക്കിടന്ന യുവതിയെ താഴെയിറക്കിയത്.

പ്രതീക്ഷ ഹിരാവാലേ എന്ന 26കാരിയാണ് ആത്മഹത്യാശ്രമത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടത്. ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ യുവതി നിലത്തുനിന്നും ഏകദേശം 20-25 അടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലയിലാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. യുവതി മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയുടെ കാലിൽ മരത്തിന്റെ ചില്ല തുളച്ചുകയറിയിരുന്നതിനാല്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. 

നാലുമാസം മുന്‍പാണ് 26കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവുമായുളള തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. യുവതി നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ENGLISH SUMMARY:

A newlywed woman's suicide attempt from the 10th floor in Mumbai resulted in a miraculous rescue when she got stuck in tree branches, preventing a fatal fall. She was later safely brought down by the fire brigade with minor injuries.