Image Credit : Instagram

ഇത്തവണത്തെ ഓണാഘോഷവും കുടുംബത്തോടൊപ്പമുള്ള സദ്യയും നഷ്ടമായെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. മുംബൈയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിലായതിനാൽ ഓണാഘോഷങ്ങളിൽ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് കല്യാണി സമൂഹമാധ്യമത്തില്‍ കുറിച്ചു. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'പ്രളയ്'യുടെ ചിത്രീകരണ തിരക്കുകളിലാണിപ്പോള്‍ താനെന്നും കല്യാണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഒപ്പം മുംബൈയില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവച്ചു.

കല്യാണി പങ്കുവച്ച കുറിപ്പ്

'ഓണക്കാലത്ത് മുംബൈയില്‍ പ്രളയ് ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഇത്തവണ കുടുംബത്തോടൊപ്പം ഓണസദ്യ കഴിക്കാനോ, മനോഹരമായ വെള്ള സാരി ധരിച്ചുള്ള ചിത്രങ്ങൾ പകർത്താനോ, മറ്റ് ആഘോഷങ്ങളില്‍ പങ്കെടുക്കാനോ സാധിച്ചില്ല. പകരം കഴിഞ്ഞ കുറേ മാസങ്ങളായി ശേഖരിച്ച യാദൃശ്ചികമായ ചില ചിത്രങ്ങളും വിശേഷങ്ങളും ഇവിടെ പങ്കുവെക്കുന്നു. എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു' എന്ന് കല്യാണി കുറിച്ചു.

കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'പ്രളയ്'യില്‍ നായകനായെത്തുന്നത് രണ്‍വീര്‍ സിങ്ങാണ്. സോംബി ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയ് മേത്തയാണ്. ജയ് മേത്ത, വിശാൽ കപൂർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 

ENGLISH SUMMARY:

Kalyani Priyadarshan missed her Onam celebrations and family feast this year due to her busy schedule shooting for her new Bollywood film in Mumbai. She shared her experiences and pictures from the shoot, extending Onam wishes to everyone.