Image Credit : Twitter

ഉത്തര്‍പ്രദേശിലെ രക്ഷാബന്ധൻ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ബറേലി മേയർ ഉമേഷ് ഗൗതം, മകൻ പാർഥ് ഗൗതം എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് വന്‍തിരക്ക് മൂലം അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബറേലി ക്ലബ് ഗ്രൗണ്ടിലൊരുക്കിയ വേദിയിലേക്ക് ആയിരക്കണക്കിന് സ്ത്രീകളാണ് ഒരേസമയം ഒഴുകിയെത്തിയത്. 

ബറേലിയിലെ യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും ചേർന്നാണ് വ്യാഴാഴ്ച രക്ഷാബന്ധന്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഈ വര്‍ഷം 20,000 സ്ത്രീകളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. രാഖി കെട്ടാന്‍ എത്തുന്നവര്‍ക്ക് സാരി അടക്കമുളള സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ സമ്മാനങ്ങള്‍ വാങ്ങാനുളള തിരക്കാണ് അപകടത്തില്‍ ചെന്ന് കലാശിച്ചത്. മധു എന്ന 45കാരിയായ സ്ത്രീയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഉച്ചയ്ക്ക് ശേഷം ഈ ചടങ്ങിലേക്ക് സ്ത്രീകള്‍ക്ക് പുറമെ പുരുഷന്മാരും കുട്ടികളുമെത്തിയതോടെ തിരക്ക് അനിയന്ത്രിതമായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

തിക്കും തിരക്കും കൂടിയതോടെ നിരവധി സ്ത്രീകള്‍ വേദിയുടെ സമീപത്ത് ബോധമറ്റ് വീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേയറും സംഘാടകരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. അതേസമയം പരിപാടിക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ സഹോദരൻ ആരോപിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ENGLISH SUMMARY:

A woman tragically died during a Raksha Bandhan event in Uttar Pradesh due to a severe stampede. This unfortunate incident highlights a significant lapse in event security, leading to injuries for several others as well.