രാജ്യം ധര്‍മശാലയല്ലെന്നും ഇന്ത്യയിലെ പൗരന്മാർക്ക് മാത്രമാണ് ഇവിടെ ജീവിക്കാൻ അവകാശമുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുഴഞ്ഞുകയറി എത്തുന്നവർ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ജനസംഖ്യയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാണെന്നും അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറുന്നവരെ പൂർണമായും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ചേർന്ന ഇന്റലിജൻസ് ബ്യൂറോയുടെ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ആഭ്യന്തര സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന ഭീഷണികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തുടക്കത്തിൽ തന്നെ അവ ഇല്ലാതാക്കണമെന്നും അതിർത്തി സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം, ലഹരിമരുന്ന് വേട്ട എന്നിവയിൽ കർശന നടപടികൾ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ എട്ടു മാസത്തിനിടെ അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ശക്തമായ സുരക്ഷാ ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ടെന്നും, അധികം വൈകാതെ തന്നെ ഇന്ത്യയെ അനധികൃത കുടിയേറ്റത്തിൽ നിന്ന് പൂർണമായി മുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നീതിന്യായ മേഖലയില്‍ സുപ്രധാന പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 'പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളും അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം നടപ്പിലാക്കും. കേസ് രജിസ്റ്റർ ചെയ്യുന്നത് മുതൽ സുപ്രീംകോടതി വരെയുള്ള വിചാരണ നടപടികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുക, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതിന്റെ നിരക്ക് 25 ശതമാനത്തോളം ഉയർത്തുക എന്നിവയാണ് ഈ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും' അദ്ദേഹം വിശദീകരിച്ചു. 

ഇതാദ്യമായല്ല, ധര്‍മശാല പ്രയോഗം അമിത് ഷാ നടത്തുന്നത്. 2026  മാര്‍ച്ച് 27 ന് ലോക്സഭയിലും സമാന അഭിപ്രായ പ്രകടനം അമിത് ഷാ നടത്തി. ഇമിഗ്രേഷന്‍ ആന്റ് ഫോറിനേഴ്സ് ബില്‍ 2025 ചര്‍ച്ച ചെയ്യവേയാണ് ദേശീയ സുരക്ഷയ്ക്ക് തടസമാകുന്നവരെ തടയുമെന്നും ഇങ്ങനെയുള്ളവരെ തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കരികെയും സൈനിക കേന്ദ്രങ്ങള്‍ക്കടുത്തും താമസിപ്പിക്കില്ലെന്നും അമിത് ഷാ തുറന്നടിച്ചത്. 'എന്ത് ലക്ഷ്യത്തോടെയും വന്ന് പാര്‍ക്കാനായി ആളുകള്‍ക്കുള്ള ധര്‍മശാലയല്ല ഇന്ത്യ' യെന്നും രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി സംഭാവന ചെയ്യാന്‍ കഴിയുന്നവരെ മാത്രമേ രാജ്യത്ത് അനുവദിക്കൂവെന്നും നിയമവിരുദ്ധമായി എത്തുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Amit Shah stated that India is not a refuge for illegal immigrants and only Indian citizens have the right to live here. He emphasized the need to strengthen national security to achieve the goal of making India a developed nation by 2047.