മഹാരാഷ്ട്രയിൽ തിളച്ച ശർക്കരപ്പാത്രത്തിൽ വീണ് 25 കാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഒരു ശർക്കര നിർമ്മാണശാലയിലാണ് സംഭവം. ഉത്തർപ്രദേശിലെ ലഖിംപൂർ സ്വദേശിയായ ഡാനിഷാണ് മരണപ്പെട്ടത്. നിലവിളി കേട്ട് ആളുകൾ ഓടി വന്ന് യുവാവിനെ ശർക്കരപ്പാത്രത്തിൽ നിന്ന് പുറത്തെടുത്ത് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാല് മാസം മുൻപാണ് ഡാനിഷ് ജോലിക്കായി മഹാരാഷ്ട്രയിലേക്ക് പോയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്ലാന്റിലെ രണ്ട് വലിയ പാത്രങ്ങളിൽ ശർക്കരപ്പാനി തിളച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡാനിഷ് അതിൽ ഒരു പാത്രത്തിന്റെ അരികിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് തലകറക്കം അനുഭവപ്പെടുകയും ബാലൻസ് നഷ്ടപ്പെടുകയും ചെയ്താണ് ഡാനിഷ് പാത്രത്തിലേക്ക് വീഴുന്നത്.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും ശരീരത്തിൽ പൊള്ളലേറ്റ് തൊലി അടർന്നുപോയിരുന്നു. ഭാര്യയും രണ്ട് മാസം പ്രായമുള്ള മകനും മാതാപിതാക്കളും മൂത്ത സഹോദരനും സഹോദരിയുമാണ് ഡാനിഷിനുള്ളത്. കുടുംബത്തിന്റെ 70,000 രൂപയുടെ കടം വീട്ടുന്നതിനായാണ് ഡാനിഷ് മഹാരാഷ്ട്രയിലേക്ക് പോയത്.
യുവാവിന്റെ മരണവിവരം അറിഞ്ഞപ്പോൾ കുടുംബം ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് കുടുംബാംഗങ്ങളെ പ്ലാന്റിലെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചു. സംഭവത്തിൽ ഇതുവരെ ആർക്കുമെതിരെയും രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.