Image Credit : Twitter

മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിന് കാരണമായത് ഐഫോണിന്‍റെ ഇഎംഐ അടവുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമല്ലെന്ന് പൊലീസ്. കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളും മറ്റും കുനാല്‍ ചന്ദ്ഗുഡെ ജീവനൊടുക്കാനുളള കാരണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതാദ്യമായല്ല 19കാരനായ കുനാല്‍ ജീവനൊടുക്കാന്‍ ശ്രമം നടത്തുന്നെന്നും 2025ല്‍ സമാനസംഭവമുണ്ടായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ കഴിഞ്ഞ ദിവസമാണ് കുനാല്‍ എന്ന 19കാരനും പിതാവ് മുരളീധറും അമ്മ സംഗീതയും കുന്നിന്‍മുകളില്‍ നിന്ന് വീണുമരിച്ചത്.

 

ഐഫോണ്‍ വാങ്ങിയ ശേഷം അതിന്‍റെ മാസയടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുനാലിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു കേസില്‍ പൊലീസിന്‍റെ പ്രാഥമിക നിഗമനം. മാസയടവ് മുടങ്ങിയപ്പോള്‍ മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കാനായാണ് കുനാല്‍ സംഭാജിനഗറിലെ കുന്നിൻമുകളിലെത്തിയതെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മകനെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുനാലിനൊപ്പം പിതാവ് മുരളീധറും കുന്നിന്‍മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടം നേരില്‍ കണ്ട അമ്മ സംഗീത തൊട്ടുപിന്നാലെ കുന്നിന്‍മുകളില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.

 

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീട്ടിലെ ആഭ്യന്തര പ്രശ്നങ്ങളും ചേട്ടന്‍റെ മരണവുമെല്ലാം കുനാലിനെ മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നെന്നും അതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുനാല്‍ കഴിഞ്ഞ വർഷവും ഇതേ മലഞ്ചെരുവിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് പൊലീസുകാർ സംസാരിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. 6 വർഷം മുമ്പ് കുനാലിന്‍റെ മൂത്ത സഹോദരന്‍ രോഗം ബാധിച്ച് മരിച്ചതോടെയാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പറയപ്പെടുന്നു. കടുത്ത മാനസിക സമ്മര്‍ദവും പിന്നാലെ വന്ന ഇഎംഐ തര്‍ക്കവുമെല്ലാം കുനാലിനെ വീണ്ടും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

ENGLISH SUMMARY:

A family's tragic death in Maharashtra is now understood to be more than just an iPhone EMI dispute. Police reports indicate that Kunal Chandgude's suicide was influenced by his family's internal conflicts and past traumas. This incident highlights the complex factors that can contribute to mental health crises and tragic outcomes.