Image: @ndtv
പരീക്ഷയില്‍ പ്രതീക്ഷിച്ചത്ര മാര്‍ക്ക് കിട്ടാത്ത വേദനയില്‍ 19കാരനായ നീറ്റ് വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജിനഗര്‍ ജില്ലയിലാണ് സംഭവം. വൈജാപ്പൂർ ഖണ്ഡാല-ഭാവർബെന്ത് സ്വദേശിയാണ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്നുള്ള നിരാശയില്‍ ജീവന്‍ വെടിഞ്ഞത്. മാതാപിതാക്കളോട് മാപ്പ് പറയുന്നതും, അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്‍മത്തില്‍ ഡോക്ടറാകാമെന്ന് പറയുന്നതുമായ കുറിപ്പും മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: വയോധികയുടെ മരണം കൊലപാതകം; മകനും പെൺസുഹൃത്തും അറസ്റ്റിൽ
നീറ്റ് പരീക്ഷയില്‍ 400ല്‍ താഴെ മാര്‍ക്കാണ് സൂരജ് സുഭാഷ് ഷിന്‍ഡെയ്ക്ക് ലഭിച്ചിരുന്നത്. ഈ മാര്‍ക്കില്‍ എംബിബിഎസ് പ്രവേശനം ലഭിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലിരുന്നാണ് വിദ്യാർത്ഥി നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകൾ നടത്തിയിരുന്നതെന്ന് കുടുംബം പറയുന്നു.
Also Read: 4000കിലോമീറ്റര്‍ യാത്ര, ഒഡിഷയിലെ നക്സല്‍ മേഖലയില്‍ അര്‍ധരാത്രി മിന്നല്‍നീക്കം; 13കാരിയെ രക്ഷപ്പെടുത്തി
കുടുംബാംഗങ്ങൾ അയല്‍പക്കത്തെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് സൂരജ് ഈ കടുംകൈ ചെയ്തത്. ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തിയ വീട്ടുകാർ കുട്ടിയെ പലതവണ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് സഹോദരി സൂരജിനെ അന്വേഷിച്ച് മുകളിലെ മുറിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻതന്നെ സൂരജിനെ വൈജാപ്പൂർ സബ് ഡിസ്ട്രിക്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ ജന്‍മത്തില്‍ തനിക്കിനി ഡോക്ടറാവാന്‍ സാധിക്കില്ലെന്നും അമ്മയ്ക്കും അച്ഛനും വേണ്ടി അടുത്ത ജന്‍മത്തില്‍ ഡോക്ടറാകാമെന്നും പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പും സൂരജിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തു. വൈജാപ്പൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)